ആരാണ് ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്ന വിക്കറ്റ് കീപ്പർ, സഞ്ജു ലോകകപ്പ് സ്‌ക്വാഡിൽ ഉണ്ടാകുമോ

Tracking wicketkeeper form in IPL 2024 for T20 World Cup selection: ഐപിഎൽ 2024-ലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനം, ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെടാനുള്ള സാധ്യതയെ സ്വാധീനിക്കും എന്നതിനാൽ തന്നെ, ഓരോ താരങ്ങളും വളരെ മികച്ച പ്രകടനം പുറത്തെടുക്കാൻ ആണ് ശ്രമിക്കുന്നത്. പ്രത്യേകിച്ച്, വിക്കറ്റ് കീപ്പർ സ്ഥാനത്തേക്കാണ് ഇന്ത്യൻ ടീമിൽ മത്സരം നടക്കുന്നത്. പരിചയസമ്പന്നരും യുവ താരങ്ങളും ഉൾപ്പെടെ, 

ആറോളം വിക്കറ്റ് കീപ്പർമാർ ടി20 ലോകകപ്പ് ടീമിൽ സ്ഥാനം നേടാനായി മത്സരിക്കുന്നു. കെഎൽ രാഹുൽ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ എന്നിവർക്ക് പുറമേ പരിക്കിൽ നിന്ന് മുക്തി നേടിയെത്തിയ ഋഷഭ് പന്ത്, ജിതേഷ് ശർമ എന്നിവരെല്ലാം ഈ പട്ടികയിൽ ഉൾപ്പെടുന്നു. കൂടാതെ വെറ്ററൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കിനെയും ടീമിലേക്ക് പരിഗണിക്കുന്നതായി അടുത്തിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ സൂചന നൽകിയിരുന്നു. 

ഐപിഎൽ 2024-ലെ പാതി മത്സരങ്ങൾ അവസാനിക്കുമ്പോൾ ഓരോ കളിക്കാരുടെയും പ്രകടനം എടുത്തു പരിശോധിക്കം. റൺ വേട്ടക്കാരിൽ കെഎൽ രാഹുൽ (286) ആണ് മുൻപന്തിയിൽ. സഞ്ജു സാംസൺ (276), ദിനേശ് കാർത്തിക് (226) എന്നിവർ തുടർന്നുള്ള സ്ഥാനങ്ങളിൽ ഉണ്ട്. ബാറ്റിംഗ് ശരാശരി പരിശോധിച്ചാൽ ദിനേശ് കാർത്തിക് (75.33) ആണ് ഒന്നാമത് നിൽക്കുന്നത്. സഞ്ജു സാംസൺ (55.20), കെഎൽ രാഹുൽ (40.85) എന്നിവരാണ് ബാറ്റിംഗ് ശരാശരിയിൽ രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്നത്.

സ്ട്രൈറ്റ് റേറ്റ് പരിശോധിച്ചാൽ ദിനേശ് കാർത്തിക്ക് (205.45), ഇഷാൻ കിഷൻ (172.97), ഋഷഭ് പന്ത് (156.71) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ നിൽക്കുന്നത്.155.05 ആണ് സഞ്ജു സാംസന്റെ സ്ട്രൈക്ക് റേറ്റ്. കൂട്ടത്തിൽ, സ്ഥിരതയാർന്ന ഫോം കണക്കിൽ എടുത്താൽ, ഋഷഭ് പന്ത്, ജിതേഷ് ശർമ്മ, ഇഷാൻ കിഷൻ എന്നിവർക്ക് ഇതുവരെ നിലവാരത്തിന് ഒത്ത് ഉയരാൻ സാധിച്ചിട്ടില്ല. രാഹുൽ, സഞ്ജു, കാർത്തിക് എന്നിവരാണ് നിലവിൽ മികച്ചു നിൽക്കുന്നത്.