ധോണിയെ മറികടന്ന് ഐപിഎല്ലിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് കെഎൽ രാഹുൽ

KL Rahul Surpasses MS Dhoni: കഴിഞ്ഞ രാത്രി ലക്നൗവിലെ ഭാരത് രത്ന ശ്രീ അഥൽ ബിഹാരി വാജ്പേയ് ഏകനാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ ലക്നൗ സൂപ്പർ ജിയന്റ്സ് 8 വിക്കറ്റിന് പരാജയപ്പെടുത്തി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 19 ഓവറിൽ ആണ് എൽഎസ്ജി മറികടന്നത്.

മത്സരത്തിൽ ലക്നൗ സൂപ്പർ ജിയന്റ്സിന് വേണ്ടി ക്യാപ്റ്റൻ കെഎൽ രാഹുൽ (82), ക്വിന്റോൻ ഡി കോക്ക് (54) എന്നിവർ അർദ്ധ സെഞ്ച്വറി പ്രകടനങ്ങൾ കാഴ്ചവെച്ചു. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ അർദ്ധ സെഞ്ച്വറി നേടിയതോടെ, കെഎൽ രാഹുൽ ഐപിഎല്ലിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചു. കെഎൽ രാഹുലിന്റെ 25-ാം അർദ്ധ സെഞ്ചുറി നേട്ടമാണ് അദ്ദേഹം കഴിഞ്ഞ ദിവസം കൈവരിച്ചത്.

ഇതോടെ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ അർദ്ധ സെഞ്ചുറികൾ നേടിയ വിക്കറ്റ് കീപ്പറായി കെഎൽ രാഹുൽ മാറി. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഇതിഹാസ വിക്കറ്റ് കീപ്പർ എംഎസ് ധോണിയുടെ (24) റെക്കോർഡ് ആണ് കെഎൽ രാഹുൽ മറികടന്നത്. ചെന്നൈക്കെതിരെ കഴിഞ്ഞദിവസം അർദ്ധ സെഞ്ചുറി നേടിയ മറ്റൊരു എൽഎസ്ജി താരം ക്വിന്റോൻ ഡി കോക്ക് (23) ആണ് ഈ പട്ടികയിൽ മൂന്നാമത്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് (21), കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ് തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ റോബിൻ ഉത്തപ്പ (18) എന്നിവരാണ് ഈ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടം പിടിച്ചിട്ടുള്ള മറ്റു താരങ്ങൾ. ഏപ്രിൽ 23 ചൊവ്വാഴ്ച, എംഎ ചിദംബരം സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും ലക്നൗ സൂപ്പർ ജിയന്റ്സും വീണ്ടും ഏറ്റുമുട്ടും.