സച്ചിൻ നയിച്ച വിജയം!! ജയ്‌പൂരിൽ മുംബൈ അവസാനമായി വിജയിച്ചത് പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ്

Rajasthan Royals vs. Mumbai Indians: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ഇന്ന് അവരുടെ ഹോം ഗ്രൗണ്ടിൽ മുംബൈ ഇന്ത്യൻസിനെ നേരിടാൻ ഒരുങ്ങുകയാണ്. 7 കളികളിൽ നിന്ന് 6 വിജയങ്ങളുമായി ടേബിൾ ടോപേഴ്സ് ആയി രാജസ്ഥാൻ എത്തുമ്പോൾ, 7 കളികളിൽ നിന്ന് 3 വിജയങ്ങൾ സമ്പാദ്യമുള്ള മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ, മുംബൈ ഇന്ത്യൻസിന് മുന്നോട്ടുള്ള യാത്രയ്ക്ക് 

ഇന്നത്തെ വിജയം അനിവാര്യമാണ്. ജയ്പൂരിലെ സവായ് മാൻസിങ് ഇൻഡോർ സ്റ്റേഡിയത്തിൽ ആണ് ഇന്ന് മത്സരം നടക്കുന്നത്. ഏറ്റവും ഒടുവിൽ ജയ്പൂരിൽ വെച്ച് മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയത് 2012-ലാണ്. ശേഷം ഇരു ടീമുകളും ജയ്പൂരിൽ ഏറ്റുമുട്ടിയ മൂന്ന് മത്സരങ്ങളിലും വിജയം രാജസ്ഥാൻ റോയൽസിന് ആയിരുന്നു. എന്നാൽ, 2012-ൽ 10 വിക്കറ്റിന്റെ ഗംഭീര വിജയം ആണ് മുംബൈ ഇന്ത്യൻസ് നേടിയത്. 

Mumbai Indians Last Victory against Rajasthan Royals in Jaipur

രാഹുൽ ദ്രാവിഡ്‌ നായകനായ രാജസ്ഥാൻ റോയൽസിനെ, ഹർഭജൻ സിംഗിന്റെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യൻസ് പരാജയപ്പെടുത്തിയപ്പോൾ, മുംബൈയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ ആയിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് ഷെയിൻ വാട്സൻ (45), സ്റ്റുവർട്ട് ബിന്നി (30) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെ പിൻബലത്തിൽ 162 റൺസ് നേടി. 

മുംബൈക്ക്‌ വേണ്ടി ധവാൽ കുൽക്കർനി 3 വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസ്, അവരുടെ ഓപ്പണർമാരായ  സച്ചിൻ ടെണ്ടുക്കർ (58*), ഡ്വയ്ൻ സ്മിത്ത് (87*) എന്നിവരുടെ ഉജ്ജ്വല പ്രകടനത്തിന്റെ പിൻബലത്തിൽ വിക്കറ്റുകൾ ഒന്നും തന്നെ നഷ്ടപ്പെടാതെ 18 ഓവറിൽ വിജയലക്ഷ്യം മറികടന്നു. 12 വർഷങ്ങൾക്ക് ശേഷം, വീണ്ടും ഒരു വിജയം തേടി മുംബൈ ജയ്പൂരിൽ എത്തിയിരിക്കുകയാണ്.