അയ്യപ്പനായി മനസ്സിൽ കണ്ടത് ദിലീപിനെ😮മാളികപ്പുറം ചിത്രത്തിന്റെ തിരക്കഥാകൃത്ത് വാക്കുകൾ വൈറൽ

 2022-ൽ പുറത്തിറങ്ങിയ മലയാള സിനിമകളിൽ വലിയ വിജയമായി മാറിയ ചലച്ചിത്രമാണ് ‘മാളികപ്പുറം’. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രം 100 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരുന്നു. വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയ ചിത്രം, പിന്നീട് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തപ്പോഴും ടെലിവിഷൻ പ്രീമിയർ ആയി എത്തിയപ്പോഴും മികച്ച പ്രേക്ഷക സ്വീകരണം നേടിയിരുന്നു.

ഈ ചിത്രവുമായി ബന്ധപ്പെട്ട് പുതിയൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം എന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് അഭിലാഷ് പിള്ള ആണ്. അടുത്തിടെ, ദിലീപ് നായകനായി എത്തുന്ന ‘വോയ്സ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. ഈ പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് അഭിലാഷ് പിള്ള മാളികപ്പുറം സിനിമയും ദിലീപും തമ്മിലുള്ള ഒരു ബന്ധം വെളിപ്പെടുത്തിയത്.

തന്നെ ഈ വേദിയിൽ എത്തിച്ചത് മാളികപ്പുറം എന്ന ചിത്രമാണെന്നും, താൻ ഒരു കടുത്ത ദിലീപ് ആരാധകൻ ആണെന്നും അഭിലാഷ് പിള്ള പറയുകയുണ്ടായി. മാളികപ്പുറം എന്ന ചിത്രത്തിന്റെ രചന നിർവഹിക്കുമ്പോൾ, അതിലെ കേന്ദ്ര കഥാപാത്രമായി താൻ മനസ്സിൽ കണ്ടത് ദിലീപിനെ ആയിരുന്നു എന്നാണ് അഭിലാഷ് പിള്ള വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, അത് മറ്റു ചില തടസ്സങ്ങൾ കാരണം നടന്നില്ല എന്നും അദ്ദേഹം പറയുകയുണ്ടായി.

സിപിഒ അയ്യപ്പദാസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ചത്. സാക്ഷാൽ അയ്യപ്പന്റെ പ്രതിരൂപമായിയാണ് ചിത്രത്തിൽ ഈ കഥാപാത്രത്തെ കാണുന്നത്. ചിത്രത്തിന്റെ രചന നിർവഹിക്കുമ്പോൾ തന്റെ മനസ്സിലെ അയ്യപ്പൻ ദിലീപ് ആയിരുന്നു എന്നാണ് അഭിലാഷ് പിള്ള വെളിപ്പെടുത്തിയിരിക്കുന്നത്. ഒരുപക്ഷേ ചിത്രത്തിൽ ദിലീപ് തന്നെ വേഷമിട്ടിരുന്നെങ്കിൽ, അത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രമായി മാറിയിരുന്നു എന്നാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ആരാധകർ ചിന്തിക്കുന്നത്.