ഇത് സഞ്ജു ആഡാ മോനെ!! ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജസ്ഥാൻ റോയൽസ് താരം

Sanju Samson record-breaking journey with Rajasthan Royals: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് അവരുടെ പ്രതാപ കാലത്തേക്ക് തിരിച്ചെത്തുമ്പോൾ അതിന്റെ നായകനായി സഞ്ജു സാംസൺ നിൽക്കുന്നത് മലയാളി ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ മുഹൂർത്തമാണ്. പ്രഥമ സീസണിലെ ഐപിഎൽ കിരീടത്തിന് ശേഷം, കിരീടം നേടിയില്ല എന്ന് മാത്രമല്ല

തുടർന്നുള്ള സീസണുകളിൽ ടീമിന് വലിയ മുന്നേറ്റം കാഴ്ചവെക്കാൻ പോലും സാധിച്ചിരുന്നില്ല. ശേഷം, വർഷങ്ങൾക്കിപ്പുറം സഞ്ജു സാംസൺ – കുമാർ സംഗക്കാര യുഗത്തിലാണ് രാജസ്ഥാൻ റോയൽസ് മികച്ച മുന്നേറ്റം നടത്തിയത്. വ്യക്തിഗത പ്രകടനത്തിന്റെ അടിസ്ഥാനത്തിലും, സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന്റെ റെക്കോർഡ് പുസ്തകത്തിൽ ഇടം നേടി. നിലവിൽ രാജസ്ഥാൻ റോയൽസിന്റെ ടോപ് സ്കോറർ ആയ 

സഞ്ജു സാംസൺ പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. രാജസ്ഥാൻ റോയൽസിന് വേണ്ടി 138 മത്സരങ്ങൾ കളിച്ച സഞ്ജു സാംസൺ, ഇതുവരെ 3717 റൺസാണ് സമ്പാദിച്ചിരിക്കുന്നത്. രാജസ്ഥാൻ റോയൽസിന്റെ ചരിത്രത്തിൽ 3500 റൺസ് നേടുന്ന ആദ്യത്തെ ബാറ്റർ ആയി സഞ്ജു സാംസൺ മാറി. ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള അജിങ്ക്യ രഹാനെ (2011 – 2019) 106 മത്സരങ്ങളിൽ നിന്ന് 3098 റൺസ് ആണ് റോയൽസിന് വേണ്ടി നേടിയിട്ടുള്ളത്. 

134 ഇന്നിങ്സിൽ നിന്ന് 31.50 ശരാശരിയിൽ ആണ് സഞ്ജു സാംസൺ 3717 റൺസ് നേടിയിട്ടുള്ളത്. ഇതിൽ രണ്ട് സെഞ്ച്വറികളും 23 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു. 119 റൺസ് ആണ് സഞ്ജു സാംസന്റെ ഏറ്റവും ഉയർന്ന സ്കോർ. 303 ഫോറുകൾ രാജസ്ഥാൻ റോയൽസിനു വേണ്ടി അടിച്ചുകൂട്ടിയ സഞ്ജു സാംസൺ, 173 സിക്സറുകളും രാജസ്ഥാൻ റോയൽസ് ജഴ്സിയിൽ  പറത്തിയിട്ടുണ്ട്.