വീഡിയോ : 6,6,6,6,6,6 ഒരോവറിൽ ആറ് സിക്സ്!! ഇന്ത്യൻ താരങ്ങളെ പിന്നിലാക്കി നേപ്പാൾ ക്രിക്കറ്ററുടെ കുതിപ്പ്

Nepali cricketer Dipendra Singh Airee six sixes in one over: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്, വെസ്റ്റ് ഇൻഡീസ് പവർ ഹിറ്റർ കിരൺ പൊള്ളാർഡ് എന്നിവർക്ക് മാത്രം അവകാശപ്പെടാൻ സാധിച്ചിരുന്ന ക്രിക്കറ്റ് ചരിത്രത്തിലെ ഒരു നേട്ടത്തിലേക്ക് നേപ്പാൾ ക്രിക്കറ്റർ ദിപേന്ദ്ര സിംഗ് ഐയറിയുടെ പേര് എഴുതപ്പെട്ടിരിക്കുകയാണ്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഒരു ഓവറിൽ ആറ് സിക്സ് അടിക്കുന്ന താരമായി മാറിയിരിക്കുകയാണ് ദിപേന്ദ്ര സിംഗ്. 

അടുത്തിടെ നടന്ന ഖത്തറിനെതിരായ എസിസി മെൻസ് ടി20 പ്രീമിയർ കപ്പ് മത്സരത്തിലാണ് ദിപേന്ദ്ര സിംഗ് ഈ നേട്ടം കൈവരിച്ചത്. ഖത്തർ ബൗളർ കമ്രാൻ ഖാന്റെ ഓവറിലാണ് ദിപേന്ദ്ര സിംഗ് 6 സിക്സുകൾ തുടർച്ചയായി പറത്തിയത്. മത്സരത്തിൽ 21 ബോളിൽ 64 റൺസ് ആയിരുന്നു ദിപേന്ദ്ര സിംഗിന്റെ സമ്പാദ്യം. ഈ പ്രകടനത്തോടെ ഐസിസി ടി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ പുതിയ നേട്ടം കൈവരിച്ചിരിക്കുകയാണ് ദിപേന്ദ്ര സിംഗ്. 

പുതിയ ഐസിസി ടി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ദിപേന്ദ്ര സിംഗ് അയറി 16 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 62-ാം റാങ്കിലേക്ക് കുതിച്ചു. നേപ്പാൾ ക്രിക്കറ്ററുടെ കുതിപ്പിൽ, ഈ പട്ടികയിൽ പിന്നോട്ട് പോയവരുടെ ലിസ്റ്റിൽ ശ്രദ്ധേയരായ ഇന്ത്യൻ താരങ്ങളും ഉൾപ്പെടുന്നു. ശുഭ്മാൻ ഗിൽ (65), തിലക് വർമ (66), കെഎൽ രാഹുൽ (69) എന്നീ ഇന്ത്യൻ താരങ്ങൾ എല്ലാവരും ഓരോ സ്ഥാനങ്ങൾ പിറകോട്ട് പോയി. 

പുതിയ റാങ്കിങ്ങിലും ഇന്ത്യയുടെ സൂര്യകുമാർ യാദവ് തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ട്, പാകിസ്ഥാൻ താരങ്ങളായ മുഹമ്മദ് റിസ്വാൻ, ബാബർ അസം, ദക്ഷിണാഫ്രിക്കൻ താരം ഐഡൻ മാർക്രം, ഇന്ത്യയുടെ യശാവി ജയ്സ്വാൽ, ദക്ഷിണാഫ്രിക്കയുടെ റിലീ റൂസവ്, ന്യൂസിലാൻഡ് താരം ഫിൻ അലൻ, ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്ലർ, ദക്ഷിണാഫ്രിക്കയുടെ റീസ ഹെൻട്രിക്സ് എന്നിവരാണ് യഥാക്രമം തുടർന്നുള്ള സ്ഥാനങ്ങളിലായി ആദ്യ പത്തിൽ ഇടം പിടിച്ചിരിക്കുന്നത്.