കോഹ്ലി – രോഹിത് ഓപ്പണിംഗ് സഖ്യം വരും!! രാജസ്ഥാൻ താരവും ലോകകപ്പ് സ്‌ക്വാഡിൽ

Kohli Rohit Sharma India T20 World Cup squad update: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ 2024 ടി20 ലോകകപ്പിന്റെ സ്ക്വാഡ് സെലക്ഷന്റെ മുന്നോടിയായി ഉള്ള ചർച്ചകൾ തകൃതിയിൽ നടക്കുകയാണ്. മുഖ്യ സെലക്ടർ അജിത് അഗാർക്കർ, പരിശീലകൻ രാഹുൽ ദ്രാവിഡ്, ക്യാപ്റ്റൻ രോഹിത് ശർമ എന്നിവർ ചേർന്ന് കഴിഞ്ഞ ദിവസം മുംബൈയിൽ നടത്തിയ ചർച്ചയുടെ വിവരങ്ങൾ പുറത്തുവരുന്നു. 

വിരാട് കോഹ്ലിയെ ടി20 സ്‌ക്വാഡിൽ ഉൾപ്പെടുത്താനാണ് ഇപ്പോൾ ധാരണയായിരിക്കുന്നത്. നേരത്തെ കോഹ്ലിയെ ഒഴിവാക്കി പകരം യുവതാരങ്ങൾക്ക് അവസരം നൽകണമെന്ന് ഒരു വാദം നിലനിന്നിരുന്നു. എന്നാൽ, ഐപിഎല്ലിലെ വിരാട് കോഹ്ലിയുടെ ഫോം ആണ്  ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റിന്റെ നിലപാട് മാറ്റാൻ പ്രേരിപ്പിച്ചത്. അതേസമയം, ടീമിലെ കോഹ്ലിയുടെ പുതിയ റോളുമായി ബന്ധപ്പെട്ടും ചർച്ചകൾ നടന്നു. 

നിലവിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഓപ്പണർ ആയിയാണ് കോഹ്ലി കളിക്കുന്നത്. സമാനമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഓപ്പണർ ആയി ആണ് കോഹ്ലിയെ പരിഗണിക്കുന്നത്. രോഹിത് ശർമക്ക് ഒപ്പം കോഹ്ലി ഇന്നിങ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത. നേരത്തെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന യശാവി ജയിസ്വാൾ, ശുഭ്മാൻ ഗിൽ എന്നിവർക്ക് ഇതുവരെ ഐപിഎല്ലിൽ ഫോം കണ്ടെത്താൻ സാധിക്കാതിരുന്നതാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് നയിച്ചിരിക്കുന്നത്. 

ഐപിഎല്ലിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെക്കുന്ന രാജസ്ഥാൻ റോയൽസിന്റെ റിയാൻ പരാഗിനെയും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കുന്നുണ്ട്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, നേരത്തെ സാധ്യത കൽപ്പിച്ചിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ റിങ്കു സിംഗിന് ടീമിൽ സ്ഥാനം നഷ്ടമാകും. ഏപ്രിൽ അവസാന വാരത്തോടെ ഇന്ത്യൻ ടീമിന്റെ കാര്യത്തിൽ ഒരു പൂർണ്ണ ധാരണ വരും എന്നാണ് പ്രതീക്ഷിക്കുന്നത്.