പാക്സിതാനെതിരെ കളിക്കാൻ ഇന്ത്യ ഇല്ല!! ചാമ്പ്യൻസ് ട്രോഫി നിലപാട് വ്യക്തമാക്കി ബിസിസിഐ

Indian Team not attend 2025 Champions Trophy in Pakistan: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നിർദ്ദേശം തള്ളി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്. 2025-ലെ ചാമ്പ്യൻസ് ട്രോഫിക്ക് പാക്കിസ്ഥാൻ വേദിയാകാൻ ഇരിക്കെ, ടീം ഇന്ത്യ ടൂർണമെന്റിൽ പങ്കെടുത്തേക്കില്ല എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ചുമതല പുതിയ ഭാരവാഹികൾ ഏറ്റെടുത്തതിന് ശേഷം,

ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്മായി ചർച്ചചെയ്ത് സമവായത്തിൽ എത്താനും, ഉഭയകക്ഷി പരമ്പരകൾ നടത്താനും സന്നദ്ധത അറിയിച്ചിരുന്നു. ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനായി ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കാൻ തീരുമാനിച്ചാൽ, ഇന്ത്യ – പാകിസ്ഥാൻ ഉഭയകക്ഷി പരമ്പരകളെ കുറിച്ചും ആലോചിക്കാം എന്ന് തിങ്കളാഴ്ച പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്വി പറഞ്ഞിരുന്നു. ഇപ്പോൾ ബിസിസിഐ ഇതിനെ മറുപടി നൽകിയിരിക്കുകയാണ്. 

ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കാൻ താല്പര്യം ഇല്ല എന്ന് ബിസിസിഐ വൃത്തം അറിയിച്ചു. വേദി മാറ്റാനോ, ഹൈബ്രിഡ് മോഡൽ ഉപയോഗിക്കാനോ ഐസിസിയോട് അപേക്ഷിക്കും എന്നും ചൊവ്വാഴ്ച IANS-നോട്‌ പ്രതികരിച്ച ബിസിസിഐ വൃത്തം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ഇരു ടീമുകളും തമ്മിലുള്ള ഉഭയകക്ഷി പരമ്പരകളെ കുറിച്ച് ചിന്തിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

നേരത്തെ, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഉൾപ്പെടെയുള്ളവർ, ഇന്ത്യ – പാക്കിസ്ഥാൻ ഉഭയകക്ഷി പരമ്പരകൾ പുനരാരംഭിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതിൽനിന്ന് വിപരീതമായ തീരുമാനമാണ് ബിസിസിഐ കൈകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം, പാകിസ്ഥാനിൽ നടക്കേണ്ടിയിരുന്ന ഏഷ്യ കപ്പ്, ഇന്ത്യയുടെ സമ്മർദ്ദത്തിന്റെ അടിസ്ഥാനത്തിൽ ഹൈബ്രിഡ് മോഡലിൽ ശ്രീലങ്കയെ കൂടി വേദിയാക്കിയാണ് നടത്തിയത്. ഈ മാതൃകയാണ് ചാമ്പ്യൻസ് ട്രോഫിക്ക് വേണ്ടിയും ബിസിസിഐ ആവശ്യപ്പെടുന്നത്.