അമ്പയർമാർ കളിക്കുന്നത് മുംബൈ ഇന്ത്യൻസിന് വേണ്ടി, പ്രതിഷേധവുമായി സാം കറൻ

Sam Curran protest during PBKS vs MI IPL 2024 clash: കഴിഞ്ഞ ദിവസം ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസും പഞ്ചാബ് കിംഗ്സും തമ്മിൽ ആവേശകരമായ മത്സരം ആണ് നടന്നത്. അവസാന ഓവർ വരെ നീണ്ടുനിന്ന ത്രില്ലർ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് വിജയം സ്വന്തമാക്കി. എന്നാൽ, മത്സരത്തിനിടെ നടന്ന ഒരു സംഭവം മത്സരശേഷം സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചു.

മുംബൈ ഇന്ത്യൻസ് ഇന്നിംഗ്സിന്റെ പതിനഞ്ചാം ഓവറിൽ ആണ് വിവാദത്തിന് വഴിയൊരുക്കിയ സംഭവം അരങ്ങേറിയത്. സൂര്യകുമാർ യാദവിന് എതിരെ അർഷദീപ് സിംഗ് എറിഞ്ഞ ആറാമത്തെ ബോൾ വൈഡ് ലൈനിനോട് ചേർന്ന് പോകുന്നതായി ആണ് കണ്ടത്. അമ്പയർ അത് ഫെയർ ഡെലിവറി ആയി കണക്കാക്കുകയും ചെയ്തു. എന്നാൽ, മുംബൈ ഇന്ത്യൻസ് പരിശീലകൻ അത് അംഗീകരിച്ചില്ല.

മാത്രമല്ല, മുംബൈ ഇന്ത്യൻസ് ഡഗ് ഔട്ടിൽ നിന്ന് പരിശീലകൻ മാർക്ക് ബൗച്ചർ വൈഡ് സിംബൽ കാണിക്കുകയും, ശേഷം ഡഗ് ഔട്ടിൽ ഉണ്ടായിരുന്ന ടീം ഡേവിഡ് റിവ്യൂ നൽകാൻ ആവശ്യപ്പെടുകയും ചെയ്യുന്നതിന്റെ ആംഗ്യങ്ങൾ ടിവി സ്ക്രീനിൽ കാണാൻ സാധിച്ചു. ഇതിന് പിന്നാലെ സൂര്യകുമാർ യാദവ് റിവ്യൂ നൽകുകയും ചെയ്തു. എന്നാൽ മുംബൈ ഡഗ് ഔട്ടിൽ നിന്ന് പ്രകടിപ്പിച്ച ആംഗ്യങ്ങൾ ശ്രദ്ധയിൽ പെട്ട പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ സാം കറൻ ഇക്കാര്യം അമ്പയറെ ധരിപ്പിക്കാൻ ശ്രമിച്ചു.

എന്നാൽ, പഞ്ചാബ് നായകന്റെ വാക്കുകൾ അമ്പയർ മുഖവിലക്ക് എടുത്തില്ല. ഫീൽഡ് അമ്പയർ തേർഡ് അമ്പയറോഡ് അഭിപ്രായം ആരായുകയും, വിശദമായ പരിശോധനയ്ക്കുശേഷം തേർഡ് അമ്പയർ അത് വൈഡ് ആയി വിധിക്കുകയും ചെയ്തു. എന്നാൽ മത്സരശേഷം, മുംബൈ ഡഗ് ഔട്ടിൽ നിന്ന് ടീം ഡേവിഡും മാർക്ക് ബൗച്ചറും കാണിച്ച ആക്ഷനുകളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അത് ആരാധകർക്കിടയിൽ വലിയ ചർച്ചക്ക് വഴിവെച്ചു.

അമ്പയർമാർ ഉൾപ്പെടെ മുംബൈ ഇന്ത്യൻസിന് അനുകൂലമായി പലപ്പോഴും നിലപാട് സ്വീകരിക്കുന്നു എന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. നേരത്തെ മുംബൈ ഇന്ത്യൻസിനെതിരെ ടോസ് വിവാദവും ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ ആധികാരികത വരുത്താനായി കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ടോസ് വേളയിൽ ബ്രോഡ്കാസ്റ്റേഴ്സ് കോയിൻ സൂം ചെയ്ത് പ്രേക്ഷകരെ കാണിച്ചിരുന്നു.