
ഓസ്ട്രേലിയയെ പഞ്ഞിക്കിട്ട് കോഹ്ലി ബാറ്റിംഗ്!! ചാമ്പ്യൻസ് ട്രോഫി ഫൈനലിലേക്ക് കയറി ടീം ഇന്ത്യ
ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് ഫൈനലിൽ കയറി ഇന്ത്യൻ ടീം. ഓസ്ട്രേലിയക്ക് എതിരായ സെമി ഫൈനലിൽ 4 വിക്കെറ്റ് ജയം സ്വന്തമാക്കിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഫൈനലിൽ സ്ഥാനം കരസ്ഥമാക്കിയത്. തുടർച്ചയായ മൂന്നാം തവണയാണ് ഇന്ത്യൻ ടീം ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കയറുന്നത്. 265 റൺസ് ടാർജെറ്റ് പിന്തുടർന്ന ഇന്ത്യ 48. 1ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം മറികടന്നു. ഇന്ത്യക്കായി വിരാട് കോലി 98 പന്തിൽ നിന്നും 84 റൺസ് നേടി. ശ്രേയസ് അയ്യർ 45 റൺസും രാഹുൽ 42 റൺസുമായും പുറത്താവാതെ നിന്നു
സെമിയിൽ 265 റൺസ് പിന്തുടർന്ന ഇന്ത്യക്ക് മികച്ച തുടക്കമാണ് നയാകൻ രോഹിത് ശർമ്മ നൽകിയത്.രോഹിത് ശർമ ഒരു ഭാഗത്തു തകർത്തടിച്ചെങ്കിലും സ്കോർ 30 ലെത്തിയപ്പോൾ ശുഭ്മൻ ഗില്ലിനെ ഇന്ത്യയ്ക്കു നഷ്ടമായി. ബെൻ ഡ്വാർഷ്യുസിന്റെ പന്തിൽ ഗിൽ ബോൾഡാകുകയായിരുന്നു. സ്കോർ 43 ലെത്തിയപ്പോൾ 29 പന്തിൽ നിന്നും ഒരു സിക്സും മൂന്നു ഫോറുകളും ബൗണ്ടറി കടത്തിയ രോഹിത് ശർമ സ്പിന്നർ കൂപ്പർ കോണ്‍ലിയുടെ പന്തിൽ എല്‍ബിയിൽ കുടുങ്ങി.
എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന കോലി – അയ്യർ സഖ്യം ഇന്ത്യയെ മുന്നോട്ട് കൊണ്ട് പോയി.ഇരുവരും 50 കൂട്ടുകെട്ട് പിന്നിടും ചെയ്തു. എന്നാൽ സ്കോർ 134 ലെത്തിയപ്പോൾ 62 പന്തിൽ നിന്നും 45 റൺസ് നേടിയ അയ്യരെ ആദം സാംപ പുറത്താക്കി. അഞ്ചാമനായി ഇറങ്ങിയ അക്‌സർ പട്ടേൽ കോലിക്ക് മികച്ച പിന്തുണ നൽകി. സ്കോർ 178 ആയപ്പോൾ 30 പന്തിൽ നിന്നും 27 റൺസ് നേടിയ പട്ടേലിനെ നാഥൻ എല്ലിസ് പുറത്താക്കി.
രാഹുൽ കോലിക്ക് മികച്ച പിന്തുണ നൽകിയതോടെ 40 ആം ഓവറിൽ ഇന്ത്യൻ സ്കോർ 200 കടന്നു. 10 ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ 6 വിക്കറ്റുകൾ ശേഷിക്കെ വേണ്ടത് 65 റൺസാണ്.സ്കോർ 225 ആയപ്പോൾ ഇന്ത്യക്ക് വിരാട് കോലിയെ നഷ്ടമായി.98 പന്തിൽ നിന്നും 84 റൺസ് നേടിയ കോലിയെ സാമ്പ പുറത്താക്കി. വിജയത്തിനടുത്ത് എത്തിയപ്പോൾ 28 റൺസ് നേടിയ പാണ്ട്യ പുറത്തായി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 49.3 ഓവറിൽ 264 റൺസെടുത്തു പുറത്തായി.നായകന്‍ സ്റ്റീവ് സ്‌മിത്തിന്‍റേയും അലക്‌സ് കാരിയുടെയും അർദ്ധസെഞ്ച്വറികളുടെ ബലത്തിലാണ് ഓസീസ് ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്. 73 റൺസെടുത്ത സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. 56 പന്തുകൾ നേരിട്ട അലക്‌സ് 60 റൺസെടുത്തു. ട്രാവിസ് ഹെഡ് (33 പന്തുകളിൽ 39), മാർനസ് ലാബുഷാഗ്നെ (36 പന്തിൽ 29) റൺസ് നേടി.ഇന്ത്യയ്ക്കായി പേസർ മുഹമ്മദ് ഷമി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. സ്പിന്നർമാരായ വരുൺ ചക്രവർത്തിയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റുകൾ വീതം സ്വന്തമാക്കി.