പോരാളിയായി സിക്കന്ദർ റാസ!!വീണ്ടും ബംഗ്ലാദേശിനെ തോൽപ്പിച്ച് സിംബാബ്വെ

ട്വന്റി ട്വന്റി പരമ്പരയിലെ അട്ടിമറി വിജയം നേടിയതിന് ശേഷം ഇതാ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും കറുത്ത കുതിരകളായി ടീം സിംബാബ്‌വെ. സിംബാബ്‌വെ യിലെ ഹരാരേ സ്പോർട്സ് ക്ലബ്ബ് മൈതാനത്ത് വച്ച് നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു അവരുടെ വിജയം.

ടോസ് നേടിയ സിംബാബ്‌വെ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച ഒരു തുടക്കമാണ് ബംഗ്ലാ താരങ്ങൾ നേടിയത്. ചരിത്രത്തിൽ ആദ്യമായാണ് ടോപ് ഓർഡറിലെ നാല് പേരും അർദ്ധ ശതകം നേടിയത്. തമിം ഇഖ്ബാൽ 62 റൺസും ലിട്ടൻ ദാസ് 81 റൺസും അനാമുൾ 73 റൺസും നേടിയപ്പോൾ 52 റൺസുമായി മുഷ്ഫീഖര് റഹീമും 20 റൺസുമായി മഹമദുള്ളയും പുറത്താകാതെ നിന്നു.

നിശ്ചിത 50 ഓവറിൽ 303 റൺസ് ആണ് ബംഗ്ലാദേശ് അടിച്ചുകൂട്ടിയത്.മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ താരങ്ങളും നന്നായി കളിച്ചപ്പോൾ ബംഗ്ലാ കടുവകളുടെ അഹങ്കാരം തെല്ലൊന്ന് കുറഞ്ഞു. രണ്ട് താരങ്ങളാണ് സിംബാബ്‌വെക്കായി സെഞ്ചുറി നേടിയത്.

ഇന്നസെന്റ് കയ്യ 110 റൺസ്, സിക്കന്ധർ റാസ പുറത്താകാതെ 135 റൺസും നേടിയപ്പോൾ പത്തു പന്തുകൾ ബാക്കിനിൽക്കെ സിംബാബ്‌വെ വിജയം കുറിച്ചു. നേരത്തെ നടന്ന ട്വന്റി ട്വന്റി പരമ്പരയിലെ താരമായിരുന്നു സിക്കന്ധാർ റാസ. ആ മികവ് ഏകദിന പരമ്പരയിലും തുടർന്നപ്പോൾ അവർക്ക് വിജയം എളുപ്പമായി. അടുത്ത മത്സരം കൂടി വിജയിച്ച് പരമ്പര നേടാനാണ് സിംബാബ്‌വെ ഇനി ശ്രമിക്കുക.