ബംഗ്ലാ കടുവകളെ വീഴ്ത്തി സിംബാബ്വേ ടീം!! വണ്ടർ ജയത്തിൽ ഷോക്കായി ക്രിക്കറ്റ്‌ ലോകം

സിംബാബ്‌വെ – ബംഗ്ലാദേശ് ടി20 പരമ്പരയിലെ ഒന്നാം മത്സരത്തിൽ ബംഗ്ലാദേശിനെ ഞെട്ടിച്ച് സിംബാബ്‌വെ. ഹരാരെ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 17 റൺസിനാണ് ആതിഥേയർ വിജയിച്ചത്. സിംബാബ്‌വെക്ക് വേണ്ടി ഓൾറൗണ്ട് പ്രകടനം പുറത്തെടുത്ത സിക്കന്ദർ റാസ ആണ് കളിയിലെ താരം. ജയത്തോടെ 3 മത്സരങ്ങളുടെ ടി20 പരമ്പരയിൽ സിംബാബ്‌വെ 1-0 ത്തിന് മുന്നിലെത്തി.

ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ മദവീരെ (67), സിക്കന്ദർ റാസ (65), സീൻ വില്യംസ് (19 പന്തിൽ 33) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് നേടി. 26 പന്തിൽ 7 ഫോറും 4 സിക്സും സഹിതം 250.00 സ്ട്രൈക്ക് റേറ്റിലാണ് സിക്കന്ദർ റാസ 65 റൺസ് നേടിയത്. ബംഗ്ലാദേശിനായി മുസ്തഫിസുർ റഹ്മാൻ 2 വിക്കറ്റുകൾ വീഴ്ത്തി.

206 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ബാറ്റർമാർ എല്ലാവരും വലിയ സ്കോറുകൾ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതോടെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 17 റൺസിന്റെ പരാജയം സമ്മതിച്ചു. ബംഗ്ലാദേശിനായി ലിറ്റൺ ദാസ്‌ (19 പന്തിൽ 32), നജ്മുൽ ഹോസൈൻ ഷാന്റോ (25 പന്തിൽ 37), ക്യാപ്റ്റൻ നൂറുൽ ഹസൻ (26 പന്തിൽ 42*) എന്നിവർ മാത്രമാണ് ബന്ധപ്പെട്ട പ്രകടനം പുറത്തെടുത്തത്.

ശാക്കിബ് അൽ ഹസ്സൻ, മുഷ്‌ഫീഖുർ റഹീം എന്നീ സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയ പരമ്പരയിൽ വിക്കറ്റ് കീപ്പർ നൂറുൽ ഹസൻ ആണ് ബംഗ്ലാദേശ് ക്യാപ്റ്റൻ. മത്സരത്തിൽ 26 പന്തിൽ ഒരു ഫോറും 4 സിക്സും സഹിതം 161.54 സ്ട്രൈക്ക് റേറ്റോടെയാണ്‌ നൂറുൽ ഹസൻ 42* റൺസ് നേടി പുറത്താകാതെ ക്രീസിൽ തുടർന്നത്. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 188 റൺസാണ് ബംഗ്ലാദേശിന് നേടാനായത്.