കോഹ്‌ലിയുടെ ജന്മദിനം ഇന്നല്ലല്ലോ; തന്റെ ആശ്വാസം പങ്കുവെച്ച് സിംബാബ്‌വെ ക്യാപ്റ്റൻ

ഇന്ന് ടീം ഇന്ത്യ ടി20 ലോകകപ്പിലെ അവരുടെ അവസാന ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിന് ഇറങ്ങുകയാണ്. ടൂർണമെന്റിൽ നിന്ന് ഇതിനോടകം പുറത്തായ സിംബാബ്‌വെ ആണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യക്ക് നിർണായകമായേക്കാവുന്ന മത്സരം, കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക നെതർലാൻസിനോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയതോടെ, ഇന്ത്യ സിംബാബ്‌വെ മത്സരം അപ്രസക്തമായി.

ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടതോടെ 4 കളികളിൽ നിന്ന് 6 പോയിന്റുള്ള ഇന്ത്യ സെമി ഫൈനൽ പ്രവേശനം ഉറപ്പിച്ചു. പാകിസ്ഥാൻ ബംഗ്ലാദേശ് മത്സരത്തിലെ വിജയി ആയിരിക്കും ഗ്രൂപ്പ്‌ 2-ൽ നിന്ന് സെമി ഫൈനലിലേക്ക് പ്രവേശിക്കുന്ന മറ്റൊരു ടീം ആവുക. അതേസമയം, ടൂർണമെന്റിൽ നിന്ന് പുറത്തായ സിംബാബ്‌വെ, പാക്കിസ്ഥാനെതിരെ നേടിയ അട്ടിമറി ജയത്തിന് സമാനമായ ഒരു വിജയമാണ് ഇന്ത്യയ്ക്കെതിരെ ലക്ഷ്യമിടുന്നത്.

മത്സരത്തിന് മുൻപ് മാധ്യമങ്ങളെ കണ്ട സിംബാബ്‌വെ ക്യാപ്റ്റൻ ക്രെയ്ഗ് എർവിൻ, ഇന്ത്യയുടെ പ്രഗത്ഭരായ ബാറ്റർമാർക്കെതിരെ ബൗൾ ചെയ്യുന്നത് തങ്ങളുടെ ബൗളർമാരെ സംബന്ധിച്ച് അഭിമാനകരമായ നിമിഷം ആണെന്ന് പറഞ്ഞു. “ഇന്ത്യയുടെ ബാറ്റിംഗ് നിര വളരെ ശക്തമാണ്. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ തുടങ്ങിയ പ്രസിദ്ധമായ ഇന്ത്യയുടെ ബാറ്റർമാർക്കെതിരെ ബൗൾ ചെയ്യാൻ സാധിക്കുന്നത് ഞങ്ങളുടെ ബൗളർമാർക്ക് ഒരു നേട്ടമാണ്,” ക്രെയ്ഗ് എർവിൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി തന്റെ 34-ാം ജന്മദിനം ആഘോഷിച്ചത്. 34-ാം ജന്മദിനം ആഘോഷിച്ച കോഹ്‌ലിയെ നേരിടുന്നതിനെ സംബന്ധിച്ച് മാധ്യമപ്രവർത്തകർ സിംബാബ്‌വെ ക്യാപ്റ്റനോട് ചോദിച്ചപ്പോൾ അദ്ദേഹം രസകരമായ ഒരു മറുപടിയാണ് നൽകിയത്. “അദ്ദേഹത്തിന്റെ ജന്മദിനം ഇന്നലെയല്ലേ, ഇന്നല്ലല്ലോ,” എർവിൻ പറഞ്ഞു. ജന്മദിനത്തിൽ കോഹ്ലി കൂടുതൽ അപകടകാരിയായേക്കാമായിരുന്നു എന്ന സൂചനയാണ് സിംബാബ്‌വെ ക്യാപ്റ്റൻ നൽകിയത്.