ഇനി ടീമിനെ രക്ഷിക്കാൻ അവൻ വരും!!ടീമിൽ ഋഷഭ് പന്തിന്റെ പകരക്കാരനെ നിർദ്ദേശിച്ച് മുൻ ദേശീയ സെലക്ടർ
ശ്രീലങ്കക്കെതിരായ ആരംഭിക്കാനിരിക്കുന്ന ലിമിറ്റഡ് ഓവർ പരമ്പരകൾക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ നിന്ന് നേരത്തെ തന്നെ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ഒഴിവാക്കിയിരുന്നു. കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തി നേടുന്നതിനായി ആണ് ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചത്. മാത്രമല്ല, വരാനിരിക്കുന്ന ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഋഷഭ് പന്തിനെ പൂർണ്ണ ഫിറ്റ്നസ്സിലേക്ക് എത്തിക്കണമെന്നും ഇന്ത്യൻ ക്രിക്കറ്റ് മാനേജ്മെന്റ് കണക്കുകൂട്ടിയിരുന്നു.
എന്നാൽ, അടുത്തിടെ കാറപകടത്തിൽപ്പെട്ട ഋഷഭ് പന്ത്, വലിയൊരു അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും, താരത്തിന്റെ ശരീര ഭാഗങ്ങളിൽ പൊള്ളൽ ഏറ്റിട്ടുണ്ട്. നിലവിൽ ചികിത്സയിൽ കഴിയുന്ന ഋഷഭ് പന്തിന്, പൂർണ്ണ ആരോഗ്യവാനായി ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചുവരാനായി കുറച്ച് അധികം മാസങ്ങൾ വേണ്ടിവരും എന്നാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ, ഫെബ്രുവരി 9 മുതൽ മാർച്ച് 13 വരെ നടക്കാനിരിക്കുന്ന ബോർഡർ – ഗവാസ്ക്കർ ട്രോഫിയിൽ ഇന്ത്യക്കായി ഋഷഭ് പന്ത് കളിക്കില്ല എന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ഋഷഭ് പന്തിന്റെ പകരക്കാരനെ നിർദ്ദേശിച്ചിരിക്കുകയാണ് മുൻ ദേശീയ സെലക്ടർ സാബ കരീം. ഏകദിന, ടി20 ഫോർമാറ്റുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇഷാൻ കിഷനെയാണ് സാബ കരീം ടെസ്റ്റ് ടീമിലേക്ക് നിർദേശിച്ചിരിക്കുന്നത്. സാധാരണ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ ഋഷഭ് പന്തിന് ബാക്കപ്പ് ആയി കെഎസ് ഭരത് ആണ് ഇടം പിടിക്കാറുള്ളത്. എന്നാൽ, എന്തുകൊണ്ടാണ് താൻ ഇഷാൻ കിഷന് ഭരത്തിനേക്കാൾ പ്രാധാന്യം നൽകുന്നത് എന്നും സാബ കരീം വ്യക്തമാക്കി.
“കെഎസ് ഭരത് ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ ഇടം കണ്ടെത്താനായി സജീവമായിട്ടുണ്ട് എന്ന് എനിക്കറിയാം. എന്നാൽ, അദ്ദേഹത്തിനോടുള്ള എല്ലാ ബഹുമാനവും പുലർത്തി തന്നെ പറയട്ടെ, ഇഷാൻ കിഷൻ ആയിരിക്കും ഋഷഭ് പന്തിന്റെ പകരക്കാരനാകാൻ മികച്ച ഓപ്ഷൻ. കാരണം, ഒരു വിക്കറ്റ് കീപ്പർ എന്നതിലുപരി ഋഷഭ് പന്തിന്റെ ശൈലിയിൽ ബാറ്റ് ചെയ്യാനും സാധിക്കുന്ന ഒരാളെയാണ് ഇന്ത്യ ടെസ്റ്റ് മത്സരത്തിലേക്ക് നോക്കുന്നതെങ്കിൽ, തീർച്ചയായും ഇഷാൻ കിഷൻ വളരെ മികച്ച ഒരു ഓപ്ഷൻ ആയിരിക്കും,” സാബ കരീം പറഞ്ഞു.