സൗത്താഫ്രിക്കൻ ക്യാപ്റ്റനെ നെറ്റ്സിൽ കഷ്ടപ്പെടുത്തി ഇന്ത്യയുടെ 14-കാരൻ സ്പിന്നർ

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ഇന്ന് (വ്യാഴാഴ്ച) ഡൽഹിയിൽ ആരംഭിക്കും, തുടർന്ന് കട്ടക്ക് (ജൂൺ 12), വിശാഖപട്ടണം (ജൂൺ 14), രാജ്കോട്ട് (ജൂൺ 17), ബെംഗളൂരു (ജൂൺ 19) എന്നിവിടങ്ങളിൽ മത്സരങ്ങൾ നടക്കും. മുന്നൊരുക്കങ്ങളുടെ കാര്യത്തിൽ ദക്ഷിണാഫ്രിക്കൻ ടീം എല്ലാ പഴുതുകളുമടച്ച രീതിയിലാണ് തയ്യാറെടുപ്പുകൾ നടത്തിയിരിക്കുന്നത്.

ഇന്ത്യയിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ സ്പിന്നർമാർ വലിയ പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഇന്ത്യൻ സ്പിന്നർമാരായ യുസ്‌വേന്ദ്ര ചാഹൽ, രവി ബിഷ്‌ണോയ്, അക്‌സർ പട്ടേൽ എന്നിവരെ നേരിടാൻ ദക്ഷിണാഫ്രിക്കൻ കളിക്കാർ നന്നായി തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി 14-കാരനായ ഇന്ത്യൻ സ്പിന്നർ റൗണക് വഗേലയെ, ദക്ഷിണാഫ്രിക്ക അവരുടെ നെറ്റ് ബൗളറായി തിരഞ്ഞെടുത്തിരുന്നു.

അതേസമയം, 14 കാരനായ ഇന്ത്യയുടെ ഇടംകൈയ്യൻ സ്പിന്നർ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമയെയും ബാറ്റിംഗ് ഓൾറൗണ്ടർ എയ്ഡൻ മാർക്രമിനെയും നെറ്റ്സിൽ നന്നായി ബുദ്ധിമുട്ടിച്ചു. ഡൽഹിയുടെ U16 ടീമിന്റെ ഭാഗമാണ് വഗേല. സ്‌പോർട്‌സ്‌ ടാക്കിനോട് സംസാരിച്ച 14 കാരനായ ഇന്ത്യൻ സ്‌പിന്നർ, അവരുടെ ക്യാപ്റ്റൻ ബാവുമ ഉൾപ്പെടെയുള്ള പ്രീമിയർ പ്രോട്ടീസ് കളിക്കാർ പോലും നെറ്റ്‌സിൽ തനിക്കെതിരെ എങ്ങനെ ബാറ്റ്‌ ചെയ്യുന്നു എന്നതിനെക്കുറിച്ച് സംസാരിച്ചു.

“എനിക്ക് ദക്ഷിണാഫ്രിക്കൻ ബാറ്റേഴ്സിന് ബൗൾ ചെയ്യുന്നത് നല്ല അനുഭവം സമ്മാനിച്ചു. ഞാൻ അതിൽ നിന്ന് ഒരുപാട് പഠിച്ചു. എയ്ഡൻ മർക്രം, ടെംബ ബാവുമ, തബ്രായിസ് ഷംസി എന്നിവർക്കെതിരെ ഞാൻ ബൗൾ ചെയ്തു, അവരെ ഞാൻ പുറത്താക്കി. ടെംബ ബാവുമയും എയ്ഡൻ മർക്രവും എന്റെ ബോൾ നേരിടാൻ ഏറെ വിഷമിച്ചു. തബ്രായിസ് ഷംസിയെ ഞാൻ 3-4 തവണ പുറത്താക്കി,” വെങ്കിടേശ്വർ ക്രിക്കറ്റ് അക്കാദമിക്ക് വേണ്ടി കളിക്കുന്ന റൗണക് സ്‌പോർട്‌സ് ടാക്കിനോട് പറഞ്ഞു.

Rate this post