പുതുമുഖക്കാരുടെ മുഖം രക്ഷിച്ച അരങ്ങേറ്റക്കാരൻ 😱😱ആരാണ് ഈ യുവ താരം

ഇന്ത്യൻ പ്രീമിയർ ലീഗ് യുവതാരങ്ങൾക്ക് എന്നും മികച്ച വേദിയാണ്. ഐപിഎല്ലിൽ ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുന്ന യുവതാരങ്ങൾ, അധികം വൈകാതെ ഇന്ത്യൻ ജേഴ്സിയിൽ കളിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഗുജറാത്ത്‌ ടൈറ്റൻസ് – ലഖ്നൗ സൂപ്പർ ജിയന്റ്സ് മത്സരത്തിൽ തനിക്ക് ലഭിച്ച സുവർണ്ണാവസരം മുതലെടുത്ത് തിളങ്ങിയിരിക്കുകയാണ് സൂപ്പർ ജിയന്റ്സിന്റെ യുവ ഇന്ത്യൻ ബാറ്റ്സ്മാൻ ആയുഷ് ബഡോണി.

ഐപിഎല്ലിലെ പുതുമുഖക്കാരായ ലഖ്നൗ സൂപ്പർ ജിയന്റ്സ് തങ്ങളുടെ ഉദ്ഘാടന മത്സരത്തിൽ, ആദ്യം ബാറ്റ് ചെയ്തതിന് പിന്നാലെ 5 ഓവർ പിന്നിടുമ്പോഴേക്കും 29/4 എന്ന സ്കോറിലേക്ക് കൂപ്പുകുത്തിയപ്പോഴാണ് വലംകൈയ്യൻ ബാറ്റ്‌സ്മാനായ ആയുഷ് ബഡോണി ക്രീസിലെത്തുന്നത്. ടീം പ്രതിസന്ധി നേരിടുമ്പോഴും, യാതൊരു സമ്മർദ്ധവുമില്ലാതെ ബാറ്റ് വീശിയ അരങ്ങേറ്റക്കാരനായ ബഡോണി 41 പന്തിൽ 4 ഫോറിന്റെയും 3 സിക്സിന്റെയും അകമ്പടിയോടെ 54 റൺസ് നേടി.മാത്രമല്ല, അർദ്ധസെഞ്ച്വറി നേടിയ ബഡോണി, ദീപക് ഹൂഡ (55) യുമായി ചേർന്ന് 87 റൺസ് പടുത്തുയർത്തി ടീമിനെ മാന്യമായ ടോട്ടലിൽ എത്തിക്കുകയും ചെയ്തു.

അർദ്ധസെഞ്ച്വറി നേട്ടത്തോടെ 22 കാരനായ ഡൽഹി ബാറ്റർ, ഐപിഎല്ലിൽ അർദ്ധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരുടെ പട്ടികയിൽ മൂന്നാമനായി മാറിയിരിക്കുകയാണ്.1999 ഡിസംബർ 3 ന് ഉത്തരാഖണ്ഡിൽ ജനിച്ച ബഡോണി, ഡൽഹി ടീമിനായി സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിന്റെ 2020-21 പതിപ്പിലാണ് ടി20 അരങ്ങേറ്റം നടത്തിയത്.

ഐ‌പി‌എൽ 2022 മെഗാ ലേലത്തിൽ പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ അദ്ദേഹത്തെ അടിസ്ഥാന വിലയായ 20 ലക്ഷത്തിന് സ്വന്തമാക്കി. ഈ സീസണിലെ ടീമിന്റെ ആദ്യ മത്സരത്തിൽ തന്നെ ഐപിഎൽ അരങ്ങേറ്റം കുറിക്കാനുള്ള അവസരം ബഡോണിയെ തേടിയെത്തിയതിന് പിന്നാലെ, ലഭിച്ച അവസരത്തിൽ തകർപ്പൻ അർധസെഞ്ചുറി നേടി തന്റെ കഴിവ് തെളിയിക്കാനും അദ്ദേഹത്തിനായി.