യുവ പ്രതിഭയെ ടീമിലേക്ക് എത്തിച്ചു മുംബൈ 😱😱ഇനി കളികൾ വേറെ ലെവൽ

പുരോഗമിക്കുന്ന ഐപിഎൽ സീസണിൽ, ചരിത്രത്തിലെ ഏറ്റവും മോശം തുടക്കം ലഭിച്ചതിന്റെ ആഘാതത്തിലാണ് അഞ്ച് തവണ ഐപിഎൽ ജേതാക്കളായ മുംബൈ ഇന്ത്യൻസ്. നിലവിൽ കളിച്ച 8 മത്സരങ്ങളിലും പരാജയപ്പെട്ട മുംബൈ ഇന്ത്യൻസ്, തുടർ തോൽവികളിൽ നിന്ന് കരകയറാൻ എല്ലാ ശ്രമങ്ങളും നടത്തി നോക്കുകയാണ്.

ഇപ്പോഴിത, ടീമിൽ നിന്ന് പരിക്കേറ്റ് പുറത്ത് പോയ ലെഫ്റ്റ് ആം മീഡിയം പേസർ മുഹമ്മദ്‌ അർഷാദ് ഖാന് പകരക്കാരനായി സ്പിന്നർ കുമാർ കാർത്തികേയ സിംഗിനെ ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളിലേക്ക് ടീമിലെത്തിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. കുമാർ കാർത്തികേയ സിംഗ്, സപ്പോർട്ട് ടീമിന്റെ ഭാഗമായി സീസണിൽ ഇതുവരെ മുംബൈ ഇന്ത്യൻസിനൊപ്പമുണ്ടായിരുന്നു. ഐപിഎൽ മെഗാലേലത്തിലെ താരത്തിന്റെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് മുംബൈ, യുവതാരത്തെ സൈൻ ചെയ്തിരിക്കുന്നത്.

കുമാർ കാർത്തികേയ ഒരു സ്ലോ ലെഫ്റ്റ് ആം ബൗളറാണ്. 2018-ൽ ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത് മുതൽ കളിയുടെ മൂന്ന് ഫോർമാറ്റിലും യുവതാരം മധ്യപ്രദേശിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. കുമാർ കാർത്തികേയയുടെ നെറ്റ്‌സിലെ ശ്രദ്ധേയ പ്രകടനമാണ് താരത്തിന് മെയിൻ സ്ക്വാഡിലേക്കുള്ള വിളി നേടിക്കൊടുത്തത്. ആഭ്യന്തര ക്രിക്കറ്റിൽ മധ്യപ്രദേശിനെ പ്രതിനിധീകരിക്കുന്ന കുമാർ കാർത്തികേയ സിംഗ് ഇതുവരെ 9 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 19 ലിസ്റ്റ് എ ഗെയിമുകളും 8 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്, യഥാക്രമം 35, 18, 9 വിക്കറ്റുകൾ വീഴ്ത്തി.

ഇതോടെ വിക്കറ്റ് വീഴ്ത്താൻ കഷ്ടപ്പെടുന്ന മുംബൈ ബൗളിംഗ് ഡിപ്പാർട്മെന്റിന് കരുത്ത് പകരാൻ യുവതാരത്തിന് ആകുമെന്നാണ് മുംബൈ ഇന്ത്യൻസ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഏപ്രിൽ 30-ന് രാജസ്ഥാൻ റോയൽസിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ അടുത്ത മത്സരം. ഇരു ടീമുകളും സീസണിൽ ഇത്‌ രണ്ടാം തവണയാണ് ഏറ്റുമുട്ടുന്നത്.