വെടിക്കെട്ടിന്റെ മാസ്റ്റർ 😱കരിയറിൽ പക്ഷേ അവഗണനകൾ മാത്രം

ഇന്ത്യൻ ക്രിക്കറ്റ്‌ കണ്ട ഏറ്റവും മികച്ച ‘പവർ ഹിറ്റർ’ എന്ന പേരെടുത്ത ഓൾറൗണ്ടറാണ് യൂസുഫ് പഠാൻ. അദ്ദേഹം ഒരു സാധാരണ ലോവർ മിഡിൽ ഓർഡർ ബാറ്റ്‌സ്മാനാണ്. എന്നാൽ, ഇന്നിംഗ്സിന്റെ അവസാന ഓവറുകളിൽ ടീം ടോട്ടൽ കുത്തനെ ഉയർത്താൻ കെൽപ്പുള്ള ഒരു അസാധാരണമായ കഴിവ് യൂസുഫ് പഠാൻ എന്ന ഗുജറാത്തുകാരനെ മറ്റു ലോവർ മിഡിൽ ഓർഡർ ബാറ്റ്സ്മാന്മാരിൽ നിന്ന് വ്യത്യസ്തനാക്കുന്നു.

യൂസുഫ് പഠാന്റെ ക്രിക്കറ്റ്‌ കരിയർ പരിശോധിച്ചാൽ, അദ്ദേഹത്തിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം ഉൾപ്പടെ ഒരുപക്ഷെ മറ്റു ഇന്ത്യൻ കളിക്കാർക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ഒന്നാണ്. 2007 ടി20 ലോകകപ്പ് ടീമിലേക്കാണ് ബറോഡ ഓൾറൗണ്ടർക്ക്‌ ആദ്യമായി കോൾ-അപ്പ് ലഭിക്കുന്നത്. എന്നാൽ, ഗ്രൂപ്പ് ഘട്ടത്തിലെ ഒരു കളിയിൽ പോലും അവസരം ലഭിച്ചില്ലെങ്കിലും, പഠാൻ പ്രതീക്ഷയോടെ കാത്തിരുന്നു. കാത്തിരുപ്പ് വെറുതേ ആയില്ല, യൂസുഫ് പഠാന് ഇന്ത്യൻ ടീമിന്റെ ആദ്യ ഇലവനിലേക്കുള്ള വിളി എത്തി.

പ്രഥമ ടി20 ലോകകപ്പ്, ഫൈനൽ മത്സരം, എതിരാളികൾ ചിരവൈരികളായ പാകിസ്ഥാൻ, ഇതിലും ഗംഭീരമായൊരു അരങ്ങേറ്റം സ്വപ്നങ്ങളിൽ മാത്രമെന്ന് പറയാം. അന്ന്, പരിക്കേറ്റ സേവാഗിന് പകരം ഗൗതം ഗംഭീറിനൊപ്പം ടീം ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്ത യൂസുഫ്, 8 പന്തിൽ ഓരോ സിക്സും ഫോറും ഉൾപ്പടെ 15 റൺസ് നേടി. ഒരു വലിയ ഇന്നിംഗ്‌സ് സ്‌കോർ ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിലും, പഠാന്റെ അവിശ്വസനീയമായ ആത്മവിശ്വാസം ടീം മാനേജ്മെന്റിന് തിരിച്ചറിയാൻ ആ ഇന്നിംഗ്സ് ധാരാളമായിരുന്നു.

പ്രഥമ ഐപിഎൽ സീസണിൽ (2008) രാജസ്ഥാൻ റോയൽസിനെ കിരീടത്തിലേക്ക് നയിക്കുന്നതിലും പഠാന്റെ പവർ ഹിറ്റിംഗ് നിർണ്ണായക പങ്കുവഹിച്ചതോടെ, അന്താരാഷ്ട്ര ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഒരു ഓഫ് സ്പിന്നർ കൂടിയായ പഠാൻ, ഓൾറൗണ്ടർ എന്ന നിലയിൽ ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം നിലനിർത്തി. എന്നാൽ, ഐപിഎല്ലിൽ നടത്തിയ പ്രകടനം അന്താരാഷ്ട്ര വേദിയിൽ ആവർത്തിക്കാൻ യൂസുഫിന് കഴിഞ്ഞില്ല. എന്നിരുന്നാലും, 2008-ന്റെ അവസാനത്തിൽ ഇംഗ്ലണ്ടിനെതിരെ നേടിയ ഒരു അഗ്രസീവ് ഫിഫ്റ്റി ഉൾപ്പടെയുള്ള പ്രകടനങ്ങൾ അദ്ദേഹത്തിന്റെ കരിയറിൽ ഉണ്ടായിരുന്നുവെങ്കിലും, 2009-ൽ യൂസുഫിന് ടീമിൽ നിന്ന് പുറത്തേക്ക് പോകേണ്ടി വന്നു.

ബാറ്റിംഗ് ഓർഡറിലെ അദ്ദേഹത്തിന്റെ സ്ഥാനം എല്ലായ്പ്പോഴും ലോവർ ഓർഡറിൽ ആയിരുന്നത് കൊണ്ട്, കുറഞ്ഞ ബോളിൽ മാക്സിമം റൺസ് എന്ന ഉത്തരവാദിത്തം ചുമലിലേറ്റിയതിന്റെ ഭാഗമായി, അദ്ദേഹത്തിന് പലപ്പോഴും ആദ്യ ബോളിൽ തന്നെ പുറത്താകേണ്ടി വന്നു. അതിനാൽ ഒരു ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ കൂടുതൽ അവസരങ്ങൾ ലഭിച്ചില്ല എന്ന് വേണം പറയാൻ. എന്നാൽ, 100ന് അടുത്ത് സ്‌ട്രൈക്ക് റേറ്റ് നിലനിർത്തി, വേഗത്തിൽ സ്‌കോർ ചെയ്യാനുള്ള കഴിവ് തനിക്കുണ്ടെന്ന് യൂസുഫ് തെളിയിച്ചു. 2007, 2011 ലോകകപ്പുകളുടെ ഭാഗമായ യൂസുഫ് പഠാൻ 2012-ലാണ് അവസാനമായി ഇന്ത്യൻ കുപ്പായം അണിഞ്ഞത്.