
റിക്ഷാവണ്ടി ഡ്രൈവറിൽ നിന്നും ലോകത്തെ മികച്ച ബാറ്റ്‌സ്മാനിലേക്ക് :ടൈമിങ് മാസ്റ്റർ മുഹമ്മദ് യൂസഫ്
എഴുത്ത് : പ്രണവ് തെക്കേടത്ത്( ക്രിക്കറ്റ് കാർണിവൽ ഗ്രൂപ്പ് );പാകിസ്ഥാൻ ലോകത്തിന് സമ്മാനിച്ച ഏറ്റവും മികച്ചൊരു ടെക്‌നിക്കലി സൗണ്ടഡ് ബാറ്റ്സ്മാൻ ആയിരുന്നു മൊഹമ്മദ് യൂസഫ്. ആരും കൊതിക്കുന്ന ടൈമിംഗ്, ഉയർന്ന ബാക്ക്ലിഫ്റ്റ്, വളരെ വൈകി കളിക്കുന്ന മനോഹരമായ ഷോട്ടുകൾ.അതെ ഈ കഴിവുകൾ ഇദ്ദേഹത്തിന് ഒരുപാട് ആരാധകരെ സമ്മാനിച്ചിരുന്നു.
പക്ഷെ ആർക്കും അത്ര പരിചയമില്ലാത്ത ഒരു ഇരുണ്ട ഭൂതകാലമുണ്ടായിരുന്നു ഈ പ്രതിഭയ്ക്ക്, പട്ടിണിയും, സമൂഹത്തിലെ ഉയർന്ന ജാതിയിൽ പെട്ട വ്യക്തികളിൽ നിന്നും കേൾക്കുന്ന പരിഹാസങ്ങളും, അദ്ദേഹത്തെ മാനസികമായി തളർത്തിയ ഒരു യൗവ്വനം.യൂസഫ് പിറന്നു വീണത് ബാൽമികി എന്നൊരു ജാതി സമൂഹത്തിലേക്കായിരുന്നു , അവരെ മറ്റുള്ള സമൂഹം കണ്ടിരുന്നത് തൊട്ടുകൂടാൻ പാടില്ലാത്ത ഒരു ജനവിഭാഗമായിട്ടായിരുന്നു. (untouchables)ഒരുപാട് ജാതിപരമായ ക്രൂരതകൾ അവരെ തുടരെ തുടരെ വേട്ടയാടിയപ്പോൾ അവർ ക്രിസ്ത്യൻ മതം സ്വീകരിക്കാൻ നിർബന്ധിതരായി ആ ഒരു മാറ്റം ആ കുടുംബത്തിന് സാമ്പത്തികമായും ഏറെ ഗുണം ചെയ്തു.

റയിൽവേ സ്റ്റേഷനിലെ ഒരു സാധരണ തൊഴിലാളിയായിരുന്നു യുസഫിന്റെ പിതാവ്, അവരുടെ താമസം റെയിൽവേ കോളനിയിലും, കോളനിയിലെ ഇടുങ്ങിയ വഴിയോരങ്ങളിൽ നിന്നായിരുന്നു ആ പയ്യൻ ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കിയത്, തന്റെ മാതാവ് പലകകഷണങ്ങൾ കൊണ്ട് പണിതു നൽകിയ ബാറ്റായിരുന്നു ചെറുപ്പകാലത്തിലെ ആ പയ്യന്റെ കളിത്തോഴൻ. ക്രിക്കറ്റ് ആയിരുന്നു ആ പയ്യനെ പട്ടിണിയിലും മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിച്ച ഘടകം, ഒരു ഫസ്റ്റ് ക്ലാസ്സ് ടീമിൽ കയറിപ്പറ്റാൻ ഒരുപാട് ശ്രമിച്ചെങ്കിലും അവിടെയും സാമ്പത്തികം അദ്ദേഹത്തിന് വെല്ലുവിളിയായി, അതെ മുന്നോട്ട് ജീവിക്കാൻ പണം അത്യാവശ്യമാണെന്ന് ആ ചെറുപ്പകാരൻ മനസിലാക്കിയപ്പോൾ തന്റെ സ്വപ്നം അദ്ദേഹം 1994ൽ ഉപേക്ഷിച്ചു.
കുടുംബം പോറ്റാൻ അദ്ദേഹം ഒരു റിക്ഷാ ഡ്രൈവറുടെ വേഷമണിഞ്ഞു, തന്റെ സുഹൃത്തിന്റെ ടൈലർ ഷോപ്പിൽ സംസാരിച്ചിരിക്കുമ്പോൾ ആയിരുന്നു അദ്ദേഹം ജീവിതത്തിൽ ഏറ്റവും കൂടുതൽ കേൾക്കാൻ കൊതിച്ചൊരു ചോദ്യവുമായി അടുത്ത കടക്കാരൻ എത്തിയത് “നിങ്ങൾ ക്രിക്കറ്റ് കളിക്കുമോ “(ഉർദ്ദുവിൽ ) അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ച ചോദ്യം, അവിടെയുള്ള ലോക്കൽ ക്ലബ്ബിലെ ഒരു കളിക്കാരന് മാച്ചിന് വരാൻ സാധിക്കാത്തതിനാൽ യുസഫിനെ എണ്ണം തികയ്ക്കാൻ അവർ കൂടെ കൂട്ടി.

എണ്ണം തികയ്ക്കാൻ കൂട്ടിയവൻ സെഞ്ചുറി നേടി എല്ലാവരെയും ആശ്ചര്യപ്പെടുത്തി, ആ സെഞ്ചുറിയിലൂടെ ഒരിക്കൽ തന്റെ മുന്നിൽ അടഞ്ഞ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലേക്കുള്ള വാതിലും അദ്ദേഹം തുറന്നു. ലാഹോറിന് വേണ്ടി ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റ് തുടങ്ങിയപ്പോൾ മതം അവിടെയും ചെറിയ രീതിയിൽ ഒരു വെല്ലുവിളിയായി, പക്ഷെ ആ കളിക്കാരൻ കളിക്കുന്ന ഓരോ ഷോട്ടിലും ഒരു പ്രതിഭയുടെ കയ്യൊപ്പുണ്ടെന്ന് പരിശീലകർ മനസിലാക്കി, ചില നല്ല മനസ്സുകൾ അദ്ദേഹത്തിന് വേണ്ട പിന്തുണ നൽകിയപ്പോൾ പാകിസ്താന് വേണ്ടി കളത്തിലിറങ്ങുന്ന സൂപ്പർ സ്റ്റാറായി അദ്ദേഹം മാറി.