ലോക്ക്ഡൗണിൽ ആ തീരുമാനത്തിൽ എത്തി 😍ഇന്ന് അണ്ടർ 19 ടീമിന്റെ സൂപ്പർ ക്യാപ്റ്റൻ

എഴുത്ത് :ജയറാം ഗോപിനാഥ്‌;ഒഴിവു സമയങ്ങൾ എങ്ങനെ ചിലവഴിക്കുന്നു എന്ന ചോദ്യത്തിന്, ഒഴിവ് സമയങ്ങൾ കിട്ടാറെയില്ല എന്ന് മറുപടി കേട്ടൂറി ചിരിക്കുന്ന മണവാളനെ നമ്മൾ സ്‌ക്രീനിൽ കണ്ടതാണ്.ഒഴിവുസമയങ്ങൾ എങ്ങനെ ചിലവഴിക്കുന്നു എന്നത് ഒരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ച് വളരെ പ്രധാന്യമുള്ളതാണ്.കോവിഡിനെ തുടർന്ന് 2020 ൽ രാജ്യവ്യാപകമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൌൺ, യാഷ് ദുൾ എന്ന 18 വയസുകാരൻ യുവ ക്രിക്കറ്ററിന് നിനച്ചിരിക്കാതെ ലഭിച്ച ഒരു ഒഴിവു സമയമായിരുന്നു.

തന്റെ കൊച്ചായ രാജേഷ് നഗറിനോപ്പം വീടിന്റെ ടെറസ്, നെറ്റ് പ്രാക്ടീസ് സെക്ഷനാക്കിമാറ്റിയ യാഷ് ദുൾ, കൊറോണ സമ്മാനിച്ച ഒഴിവുകാലത്തെ, തനിക്ക് അതുവരെ അപ്രപ്യമായിരുന്ന ഷോട്ടുകൾ പരിശീലിക്കാനുള്ള കളരിയാക്കി മാറ്റുകയായിരുന്നു.മിഡിൽ -ലെഗ് സ്റ്റമ്പ് ലൈനിൽ വരുന്ന പന്തിനെ, ലെഗ് സൈഡിലേക്കു മാറിനിന്ന് കവറിനു മുകളിലൂടെ ലോഫ്റ്റ് ചെയ്യുന്ന “ഇൻസൈഡ് -ഔട്ട് -ഷോട്ട് ” ദുൽ പരിശീലിച്ചു സ്വായത്തമാക്കിയത് ടെറസ്സിലെ ടെന്നീസ് ബോളിലുള്ള പരിശീലനത്തിലൂടെയാണ്.

ഒരു തൂവൽസ്പർശംപോലെ പന്തിനെ തഴുകി വിടുന്ന “ഡെഫ്റ്റ് ടച്ച്‌”, വിക്കറ്റ് കീപ്പറുടെ മൂക്കിന്റെ തുമ്പിൽ നിന്നും പന്തിനെ റാഞ്ചിയെടുത്തു ഗതി തിരിച്ചു വിടുന്ന “ലേറ്റ് കട്ട്‌ “, ഇതൊക്ക ദുൾ പരിശീലിച്ചു പ്രാഗൽഭ്യം നേടിയത് ടെറസിലെ ഈ “ഒഴിവു സമയത്തെ കളിയിലൂടെയായിരുന്നു “.സെമിഫൈനലിലെ ഹൈ വോൾട്ടെജ് മാച്ചിൽ, ഓസ്ട്രേലിയക്കെതിരെ ടീം 37/2 എന്ന പ്രഷർ സിറ്റുവേഷനിൽ നിൽക്കുമ്പോൾ ദുൾ കളിച്ച ആ “ക്യാപ്റ്റൻസ് നോക്ക് ” അയാളിലെ ടെമ്പർമെന്റിനോപ്പം, അയാൾ രാഗിമിനുക്കിയെടുത്ത തന്റെ ആയുധപുരയിൽ സൂക്ഷിച്ചു വെച്ച ആയുധങ്ങളുടെ പ്രദർശനം കൂടിയായിരുന്നു.

ഓസ്ട്രേലിയക്കാരൻ സിൻഫീൽഡിന്റെ ഡെലിവറിയുടെ എക്സ്ട്രാ ബൗൺസിൽ പതറാതെ, മുട്ടിൽ കുത്തി അവസാന നിമിഷത്തെ അഡ്ജസ്റ്റ്മെന്റിൽ കളിച്ച ആ ലെറ്റ്‌കട്ട്‌, കോൺനോലിക്കെതിരെ കളിച്ച ആ സ്വീപ് ഷോട്ട്, പവർ വെളിവാക്കുന്ന പുൾ ഷോട്ട്, പോയിന്റിലൂടെ കളിച്ച ആ കട്ടുകൾ.അയാളുടെ സൗണ്ടഡ് ടെക്നിക്ക് വിളിച്ചോതുന്നവയായിരുന്നു.യാഷ് ദുൾ എന്ന യുവ ക്രിക്കറ്റിനും, അദ്ദേഹം നയിക്കുന്ന ടീം ഇന്ത്യയ്ക്കും എല്ലാ വിധ ആശംസകൾ.