അടിക്ക് അടി, തിരിച്ചടി😮! യുവതാരങ്ങൾ തമ്മിൽ പൊരിഞ്ഞടി!! ഒടുവിൽ സമനിലയിൽ കലാശം!!!

ഗുവാഹത്തി ബർശാപറ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ നടന്ന രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ്‌ എച്ച് ഡൽഹി – തമിഴ്നാട് മത്സരം സമനിലയിൽ കലാശിച്ചു. വാശിയേറിയ മത്സരത്തിൽ വമ്പൻ സ്കോറുകൾ പിറന്നപ്പോൾ, നാല് സെഞ്ച്വറികൾ പിറന്നതും ശ്രദ്ധേയമായി. അണ്ടർ 19 ലോകകപ്പ് ക്യാപ്റ്റൻ യാഷ് ദുൽ ഉൾപ്പടെയുള്ള യുവതാരങ്ങളുടെ ബാറ്റിംഗ് പ്രകടനം കൊണ്ടും, ഡൽഹി – തമിഴ്നാട് മത്സരം ശ്രദ്ധിക്കപ്പെട്ടു.

മത്സരത്തിൽ, ആദ്യം ബാറ്റ് ചെയ്ത ഡൽഹി, അരങ്ങേറ്റക്കാരൻ യാഷ് ദുൽ (113), ലളിത് യാദവ് (177), ജോണ്ടി സിദ്ധു (71) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ, ഒന്നാം ഇന്നിംഗ്സിൽ 452 റൺസ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ തമിഴ്നാട്, കഴിഞ്ഞ ഐപിഎൽ ലേലത്തിൽ പഞ്ചാബ് കിംഗ്സ് 9 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഷാരൂഖ് ഖാൻ (194), ഇന്ദ്രജിത് (117), കൗഷിക് ഗാന്ധി (55), എൻ ജഗദീശൻ (50) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെ പിൻബലത്തിൽ, ഡൽഹി ഉയർത്തിയ ടോട്ടൽ മറികടക്കുകയും, 42 റൺസ് ലീഡ് സ്വന്തമാക്കുകയും ചെയ്തു.

494 റൺസാണ് തമിഴ്നാട് ഒന്നാം ഇന്നിംഗ്സിൽ കണ്ടെത്തിയത്. ഇതോടെ, ലീഡ് വഴങ്ങിയ ഡൽഹിക്ക്‌ വേണ്ടി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിന് ഇറങ്ങിയ, ഓപ്പണർമാരായ യാഷ് ദുൽ (113), ധ്രുവ് ഷോറെ (107) എന്നിവർ ചേർന്ന് വിക്കറ്റ് നഷ്ടപ്പെടാതെ 228/0 എന്ന സ്കോർ കണ്ടെത്തുകയും, ശേഷം ഡിക്ലയർ ചെയ്യുകയും ചെയ്തു. അതോടെ കളി സമനിലയിൽ അവസാനിച്ചു.

മത്സരത്തിന്റെ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടിയ യാഷ് ദുൽ, ഫസ്റ്റ് ക്ലാസ് ക്രിക്കററ്റിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമായി മാറി. അതേസമയം, രഞ്ജി ട്രോഫിയിൽ ഡൽഹിക്ക്‌ വേണ്ടി രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടുന്ന ഏഴാമത്തെ താരമായും യാഷ് ദുൽ എലൈറ്റ് പട്ടികയിൽ ഇടം പിടിച്ചു.