നാട് ഡൽഹിഅണ്ടർ 19 ലോകകപ്പ് ജേതാവായ ക്യാപ്റ്റൻ, ബാറ്റിംഗ് ഗംഭീരം ; പേര് ഭാവി വിരാട് കോഹ്‌ലി, യാഷ് ദുൽ..!!!

2022 അണ്ടർ 19 ലോകകപ്പ് ഇന്ത്യയിലേക്കെത്തിച്ച ക്യാപ്റ്റൻ എന്ന പ്രൗഡിയോടെ ഡൽഹി ബാറ്റർ യാഷ് ദുൽ, നടന്നുകൊണ്ടിരിക്കുന്ന ഡൽഹി തമിഴ്നാട് രഞ്ജി ട്രോഫി മത്സരത്തിലൂടെ തന്റെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ചു. ഗുവാഹത്തിയിലെ ബർസാപര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുന്ന എലൈറ്റ് ഗ്രൂപ്പ് എച്ച് മത്സരത്തിൽ, തമിഴ്‌നാടിനെതിരെ സെഞ്ച്വറി രേഖപ്പെടുത്തിയാണ് ഡൽഹി ഓപ്പണർ തന്റെ ഫസ്റ്റ് ക്ലാസ്സ്‌ അരങ്ങേറ്റം ഗംഭീരമാക്കിയത്.

മത്സരത്തിൽ ടോസ് നേടിയ തമിഴ്നാട് ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തതോടെ, ഡൽഹിയുടെ ഓപ്പൺറായിയാണ് യാഷ് ദുൽ ക്രീസിലെത്തിയത്. ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും ലോകകപ്പിൽ മികവ് കാട്ടിയ ദുല്ലിനെ, ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ ഇപ്പോൾ തന്നെ ഇന്ത്യൻ ടീമിലെ ഭാവി വിരാട് കോഹ്‌ലി എന്നാണ് വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ, താരത്തിന്റെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തിൽ ആരാധകർ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു.

ഇന്നിംഗ്സിന്റെ തുടക്കത്തിൽ ഡൽഹി വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെടാൻ ആരംഭിച്ചെങ്കിലും, യാഷ് ദുൽ തമിഴ്നാട് ബൗളിംഗ് നിരയ്‌ക്കെതിരെ പതറാതെ പിടിച്ചു നിന്നു. 133 പന്തിൽ സെഞ്ച്വറി തികച്ചു താരം, ഒടുവിൽ പുറത്താകുമ്പോൾ 150 പന്തിൽ 18 ഫോറുകൾ സഹിതം 113 റൺസ് നേടിയിരുന്നു. ഇതോടെ, സച്ചിൻ ടെണ്ടുൽക്കർ, അമോൽ മജുംദാർ, രോഹിത് ശർമ്മ തുടങ്ങി നിരവധി ഇതിഹാസങ്ങൾ ഉൾപ്പെടുന്ന രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയ ഇന്ത്യൻ കളിക്കാരുടെ അഭിമാനകരമായ പട്ടികയിൽ ദുൽ സ്ഥാനം കണ്ടെത്തി.

മറ്റൊരു രസകരമായ സ്ഥിതിവിവരക്കണക്കിൽ, ദുല്ലിന്റെ സെഞ്ചുറിയോടെ, ഇന്ത്യയുടെ അവസാന അഞ്ച് അണ്ടർ 19 ക്യാപ്റ്റൻമാരിൽ നാല് പേരും അവരുടെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയതായി കാണുന്നു. 2013ൽ ന്യൂസിലൻഡ് എയ്‌ക്കെതിരെ വിജയ് സോൾ 110 റൺസ് നേടിയിരുന്നു, തുടർന്ന് 2017ൽ തമിഴ്‌നാടിനെതിരെ പൃഥ്വി ഷായുടെ 120 റൺസ്, അടുത്ത വർഷം ഗോവയ്‌ക്കെതിരെ പ്രിയം ഗാർഗ് 117 റൺസെടുത്തിരുന്നു. ഒടുവിൽ ഇപ്പോൾ യാഷ് ദുല്ലിന്റെ 113 റൺസ് പ്രകടനം.