അർച്ചറെ അടിച്ച് തൂക്കണം 😱വിചിത്ര ആഗ്രഹിവുമായി യുവ അണ്ടർ 19 താരം

അണ്ടർ 19 ലോകകപ്പ് വിജയത്തിന് പിന്നാലെ, ഫസ്റ്റ് ക്ലാസ് അരങ്ങേറ്റ മത്സരത്തിലെ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടി കരിയറിന്റെ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ് യാഷ് ദുൽ. അടുത്തിടെ സമാപിച്ച, ഐപിഎൽ 2022 താരലേലത്തിൽ 50 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസാണ് ഇന്ത്യയെ റെക്കോർഡ് അണ്ടർ19 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച യാഷ് ദുല്ലിനെ സ്വന്തമാക്കിയത്.

ഇപ്പോഴിതാ, എഎൻഐക്ക്‌ നൽകിയ അഭിമുഖത്തിൽ, തന്റെ ഐപിഎൽ സ്വപ്നങ്ങളും, ഡൽഹി എടുത്തത്തിലുള്ള സന്തോഷവും വെളിപ്പെടുത്തിയിരിക്കുകയാണ് ദുൽ. “മുമ്പ് ഡൽഹി ക്യാപിറ്റൽസ് അക്കാദമിയുടെ ഭാഗമായതിനാൽ, എന്നെ ഡൽഹി തന്നെ തിരഞ്ഞെടുക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. റിക്കി പോണ്ടിംഗിനെ കാണാനും അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശത്തിൽ പ്രകടനം നടത്താനും ഞാൻ ശരിക്കും കാത്തിരിക്കുകയാണ്,” യാഷ് ദുൽ പറയുന്നു.

ഐപിഎല്ലിൽ താൻ നേരിടാൻ ആഗ്രഹിക്കുന്ന ബൗളറുടെ പേരും വലംങ്കയ്യൻ ബാറ്ററായ യാഷ് ദുൽ വെളിപ്പെടുത്തി. “ഞാൻ നേരിടാൻ ആഗ്രഹിക്കുന്ന ഒരു ബൗളറാണ് ജോഫ്ര ആർച്ചർ. അദ്ദേഹം വളരെ വേഗതയേറിയ ബൗളറാണ്. പിന്നെ, ഐപിഎല്ലിൽ ഡിസിക്ക് വേണ്ടി കളിക്കുന്ന സമയത്ത്, ഡേവിഡ് വാർണറുമായി മികച്ച ഓപ്പണിങ് കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” ദുൽ കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 ലോകകപ്പ് ഫൈനലിന് മുമ്പ്, മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുമായി സംവദിക്കാൻ ലഭിച്ച അവസരത്തെ കുറിച്ചും യാഷ് ദുൽ ഓർക്കുന്നു. “ഞങ്ങളുടെ ടീമുമായി വിരാട് കോഹ്‌ലി തന്റെ അനുഭവങ്ങൾ പങ്കുവെച്ചത് ഒരു മികച്ച നിമിഷമായിരുന്നു. ഫൈനലിൽ എല്ലാവർക്കും മികച്ച പ്രകടനം നടത്താൻ കോഹ്ലിയുടെ വാക്കുകൾ പ്രചോദനമായി,” ദുൽ പറഞ്ഞു.