ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ്!!!ലങ്ക തോറ്റു ഇന്ത്യക്ക് കുതിപ്പ് : പോയിന്റ് പട്ടികയിൽ ഇന്ത്യക്ക് നേട്ടം

ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിൽ പാക്കിസ്ഥാൻ തകർപ്പൻ ജയം സ്വന്തമാക്കിയതോടെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ വലിയ ചലനങ്ങൾ സംഭവിച്ചു. നേരത്തെ, ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് മത്സരം വിജയിച്ച ശ്രീലങ്ക പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് എത്തിയിരുന്നു. ഇതോടെ, പാകിസ്ഥാൻ 4-ഉം ഇന്ത്യ 5-ഉം സ്ഥാനങ്ങളിലേക്ക് താഴ്ന്നിരുന്നു. എന്നാൽ, ഇപ്പോൾ പാകിസ്ഥാനെതിരായ പരാജയം ശ്രീലങ്കയ്ക്ക് പോയിന്റ് പട്ടികയിൽ വലിയ പതനമാണ് സമ്മാനിച്ചത്.

മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ശ്രീലങ്ക ഇപ്പോൾ ആറാം സ്ഥാനത്തേക്ക് താഴ്ന്നിരിക്കുകയാണ്. ഇതോടെ, നാലാം സ്ഥാനത്തുണ്ടായിരുന്ന പാക്കിസ്ഥാൻ മൂന്നാം സ്ഥാനത്തേക്കും, അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ നാലാം സ്ഥാനത്തേക്കും ഉയർന്നു. 12 കളികളിൽ 6 ജയവും 2 സമനിലയും 4 തോൽവിയും ഉൾപ്പെടെ 75 പോയിന്റുള്ള ഇന്ത്യയുടെ പോയിന്റ് ശതമാനം 52.08 ആണ്.

അതേസമയം, 7 കളികളിൽ നിന്ന് 5 ജയവും 2 പരാജയവും ഉൾപ്പെടെ 60 പോയിന്റുള്ള ദക്ഷിണാഫ്രിക്ക 71.43 പോയിന്റ് ശരാശരിയോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 10 കളികളിൽ നിന്ന് 6 ജയവും 3 സമനിലയും ഒരു തോൽവിയും ഉൾപ്പടെ 84 പോയിന്റുള്ള ഓസ്ട്രേലിയ 70.0 പോയിന്റ് ശരാശരിയുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

ഇംഗ്ലണ്ടിനെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ ഇനി വരുന്ന ടെസ്റ്റ് മത്സരങ്ങൾ. ഇംഗ്ലണ്ടിനെതിരെ ജയം നേടാനായാൽ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തുതന്നെ തുടരും. അതേസമയം, പരാജയമാണ് ഫലമെങ്കിൽ പോയിന്റ് പട്ടികയിൽ വീണ്ടും ചലനങ്ങൾ സംഭവിക്കും. ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. നിലവിൽ, 10 കളികളിൽ നിന്ന് ഒരു ജയവും ഒരു സമനിലയും എട്ട് തോൽവിയും സഹിതം 16 പോയിന്റോടെ 13.33 പോയിന്റ് ശരാശരിയുള്ള ബംഗ്ലാദേശ് പോയിന്റ് പട്ടികയിൽ 9-ാം സ്ഥാനത്താണ്.