ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ വഴി ഇനി എങ്ങനെ

ബോർഡർ ഗവാസ്ക്കർ ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിൽ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്. നാഗ്പൂരിൽ നടന്ന മത്സരത്തിൽ ബൗളർമാരുടെ ഉജ്ജ്വല പ്രകടനത്തിന്റെ പിൻബലത്തിൽ, ഇന്ത്യ കളി അവസാനിപ്പിക്കുകയായിരുന്നു. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്താനായി ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക് നിർണായകമാണ് എന്ന് നേരത്തെ തന്നെ കണക്കു കൂട്ടിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇനി ഇന്ത്യയുടെ മുന്നോട്ടുള്ള വഴി എങ്ങനെ എന്ന് നോക്കാം.

പരമ്പരയിലേക്ക് എത്തുന്നതിന് മുൻപ് ഇന്ത്യ ഡബ്ല്യുടിസി സ്റ്റാൻഡിംഗിൽ 58.93 വിജയശതമാനത്തോടെ രണ്ടാം സ്ഥാനത്തായിരുന്നു. പരമ്പരയിൽ ചുരുങ്ങിയത് മൂന്ന് മത്സരങ്ങളെങ്കിലും ഇന്ത്യ വിജയിക്കേണ്ടതുണ്ട്. 3-0, 3-1, 4-0 എന്നീ നിലകളിൽ ഏതിലെങ്കിലും ഒന്നിൽ ഇന്ത്യക്ക് പരമ്പര അവസാനിപ്പിക്കാൻ സാധിച്ചാൽ, ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാൻ അവസരം ഉണ്ട്. 61.11 വിജയശതമാനത്തോടെ ഇന്ത്യക്ക് ഫൈനലിലേക്ക് മുന്നേറാൻ സാധിക്കും.

ഇനി പരമ്പരയിൽ രണ്ട് മത്സരങ്ങളിൽ മാത്രമേ ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിച്ചുള്ളൂ എങ്കിൽ, അതായത് 2-0, 2-2, 2-1 എന്നീ നിലകളിൽ ഏതിലെങ്കിലും ഒന്നിലാണ് ഇന്ത്യ ഫിനിഷ് ചെയ്യുന്നെങ്കിൽ, ശ്രീലങ്ക – ന്യൂസിലാൻഡ് പരമ്പരയുടെ ഫലം ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രയെ സ്വാധീനിക്കും. ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് രണ്ട് മത്സരങ്ങളെ വിജയിക്കാൻ സാധിച്ചുള്ളൂ എങ്കിൽ, രണ്ട് മത്സരങ്ങൾ അടങ്ങിയ ശ്രീലങ്ക – ന്യൂസിലാൻഡ് പരമ്പരയിൽ ന്യൂസിലാൻഡ് 2-0 ത്തിന്റെ വിജയം സ്വന്തമാക്കിയാലേ, ഇന്ത്യക്ക് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കൂ.

നിലവിൽ ദക്ഷിണാഫ്രിക്കയുടെ ഫൈനൽ സാധ്യത അവസാനിച്ച നിലയിൽ, മൂന്ന് ടീമുകളാണ് ഫൈനലിൽ എത്താൻ മത്സരിക്കുന്നത്. ഇതിൽ ഓസ്ട്രേലിയ ഫൈനൽ ഉറപ്പിച്ചു എന്ന് വേണം പറയാൻ. ശ്രീലങ്കയും ഇന്ത്യയും തമ്മിൽ ആണ് അവശേഷിക്കുന്ന സ്പോട്ടിലേക്കുള്ള മത്സരം നടക്കുന്നത്. ഓസ്ട്രേലിയക്കെതിരെ ഇന്ത്യ 4-0 ത്തിന്റെ വിജയം നേടിയാൽ, ശ്രീലങ്ക ന്യൂസിലാൻഡിനെതിരെ 2-0 ത്തിന്റെ വിജയം നേടിയാലും അത് ഇന്ത്യയുടെ ഫൈനൽ പ്രവേഷനത്തെ ബാധിക്കില്ല എന്നത് ശ്രദ്ധേയമാണ്.

5/5 - (2 votes)