പാകിസ്ഥാനെ വീഴ്ത്തി ലങ്കൻ ടീം :ലോട്ടറി അടിച്ചത് ഇന്ത്യക്ക്!!! WTC Points Table

പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ ജയം നേടി ശ്രീലങ്ക ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ മുന്നേറി. രണ്ടാം ഇന്നിംഗ്സിൽ 508 റൺസ് എന്നുള്ള വമ്പൻ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ 261 റൺസിന് ഓൾഔട്ട് ആയതോടെ, 246 റൺസ് വിജയമാണ് ശ്രീലങ്ക നേടിയത്. ഇതോടെ രണ്ട് ടെസ്റ്റ്‌ മത്സരങ്ങളുടെ അടങ്ങിയ ടെസ്റ്റ് പരമ്പര 1-1 സമനിലയിൽ അവസാനിക്കുകയും ചെയ്തു.

നേരത്തെ പരമ്പരയിലെ ഒന്നാമത്തെ ടെസ്റ്റ് മത്സരത്തിൽ നാല് വിക്കറ്റ് ജയം നേടി പാകിസ്ഥാൻ, ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നിരുന്നു. മൂന്നാം സ്ഥാനത്തെത്തിയ പാക്കിസ്ഥാൻ ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിലേക്കുള്ള യോഗ്യത സ്വപ്നം കാണുന്ന സമയത്താണ് രണ്ടാമത്തെ ടെസ്റ്റ് മത്സരത്തിൽ വലിയ പരാജയം ഇപ്പോൾ ഏറ്റുവാങ്ങേണ്ടി വന്നത്.

പരാജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന പാകിസ്ഥാൻ ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇപ്പോൾ അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു. 51.85 പോയിന്റ് ശതമാനമാണ് പാകിസ്ഥാന് ഉള്ളത്. അതേസമയം, ആറാം സ്ഥാനത്ത് ഉണ്ടായിരുന്ന ശ്രീലങ്ക, ഈ തകർപ്പൻ ജയത്തിന്റെ പിൻബലത്തിൽ 53.33 പോയിന്റ് ശരാശരി യിലൂടെ ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.

നിലവിൽ 71.43 പോയിന്റ് ശതമാനമുള്ള ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തും, 70 പോയിന്റ് ശതമാനം ഉള്ള ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തും തുടരുമ്പോൾ, 52.08 പോയിന്റ് ശതമാനവുമായി ഇന്ത്യ നാലാം സ്ഥാനത്തും തുടരുകയാണ്. ശ്രീലങ്ക മുന്നിലേക്ക് ഉയർന്നതോടെ, 50 പോയിന്റ് ശതമാനമുള്ള വെസ്റ്റ് ഇൻഡീസ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് താഴ്ന്നു. ഇംഗ്ലണ്ട് (33.33), ന്യൂസിലാൻഡ് (25.93), ബംഗ്ലാദേശ് (13.33) എന്നിവരാണ് പോയിന്റ് പട്ടികയിൽ തുടർന്നുള്ള സ്ഥാനങ്ങളിൽ.