ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച് ഇന്ത്യൻ പെൺപുലികൾ!!വിജയം 27 റൺസിന്

ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ ഒരു വമ്പൻ വിജയം നേടി ഇന്ത്യയുടെ പെൺപട. ഈസ്റ്റ് ലണ്ടനിൽ നടന്ന മത്സരത്തിൽ 27 റൺസിനാണ് ഇന്ത്യ ശക്തരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ഇന്ത്യക്കായി 30 പന്തുകളിൽ 41 റൺസ് നേടിയ അമൻജോത് കോറും, മൂന്നു വിക്കറ്റുകൾ നേടിയ ദീപ്തി ശർമയുമാണ് തകർപ്പൻ പ്രകടനങ്ങൾ നടത്തിയത്. അമൻജോത് കോറായിരുന്നു മത്സരത്തിലെ താരം.

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി യാഷ്ടിക ഭാട്ടിയ(35) നന്നായി തുടങ്ങിയെങ്കിലും, ഒരു വശത്ത് വിക്കറ്റുകൾ വീണു കൊണ്ടേയിരുന്നു. ടീം ക്യാപ്റ്റൻ സ്മൃതി മന്ദന അടക്കമുള്ളവർ കൂടാരം കയറിയപ്പോൾ ഇന്ത്യ 34ന് 3 എന്ന നിലയിൽ പതുങ്ങി. എന്നാൽ പിന്നീട് ദീപ്തി ശർമ(33) എത്തിയതോടെ ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്ക് കുതിച്ചു. ഏഴാമതായിറങ്ങിയ അമൻജോത് 30 പന്തുകളിൽ ഏഴു ബൗണ്ടറികളുടെ അകമ്പടിയോടെ ആയിരുന്നു 41 റൺസ് നേടിയത്. അങ്ങനെ ഇന്ത്യ 147 എന്ന സ്കോറിൽ എത്തി.

എന്നിരുന്നാലും ഈസ്റ്റ് ലണ്ടൻ പിച്ചിൽ ഇത് അത്ര മികച്ച സ്കോർ ആയിരുന്നില്ല. പക്ഷേ ഇന്ത്യയുടെ ബോളിംഗ് ശക്തി മത്സരത്തിൽ ദക്ഷിണാഫ്രിക്ക അറിഞ്ഞു. തുടക്കത്തിൽ തന്നെ വിക്കറ്റുകൾ കൊയ്ത ഇന്ത്യൻ ബോളർമാർ ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങൾ കഠിനമാക്കി മാറ്റി. കൃത്യമായ സമയങ്ങളിൽ വിക്കറ്റുകൾ കൊയ്യാനും, സ്കോറിങ് റേറ്റ് പിടിച്ചു കെട്ടാനും ഇന്ത്യയ്ക്ക് സാധിച്ചു.

ഇന്ത്യക്കായി സ്പിന്നർ ദീപ്തി ശർമ്മ നിശ്ചിത നാലോകളിൽ 30 മാത്രം വിട്ടുനൽകി 3 വിക്കറ്റുകൾ വീഴ്ത്തുകയുണ്ടായി. ഒപ്പം ദേവിക വൈദ്യ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ടൂർണമെന്റിന്റെ ആദ്യ മത്സരത്തിലെ ഈ തകർപ്പൻ വിജയം ഇന്ത്യൻ പെൺപടയ്ക്ക് വലിയ ആത്മവിശ്വാസം തന്നെയാണ് നൽകുന്നത്.

Rate this post