പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യൻ വനിതകൾ!! അർദ്ധ സെഞ്ച്വറിയുമായി സ്മൃതി മന്ദാന

കോമൺവെൽത്ത് വനിതാ ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്ക് ആദ്യ ജയം. പാകിസ്ഥാനെ 8 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ട ഇന്ത്യക്ക് പാകിസ്ഥാനെതിരായ ജയം ആശ്വാസകരമായി. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ്‌ ചെയ്ത പാകിസ്ഥാൻ, 99 റൺസിന് ഓൾഔട്ട്‌ ആവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 11.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

പാകിസ്ഥാന് വേണ്ടി ഓപ്പണർ മുനീബ അലി (32) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇന്ത്യക്ക് വേണ്ടി സ്നേഹ് റാന, രാധ യാദവ് എന്നിവർ 2 വീതം വിക്കറ്റുകൾ വീഴ്ത്തി. ഇന്ത്യക്ക് വേണ്ടി സ്മൃതി മന്ദാന 63 റൺസ് നേടി പുറത്താകാതെ നിന്നു. 42 പന്തിൽ 8 ഫോറും 3 സിക്സും സഹിതമാണ് സ്മൃതി മന്ദാന 63* റൺസ് നേടിയത്.

ശഫാലി വർമ്മ (16), മേഘന (14) എന്നിവരും ഇന്ത്യൻ ജയത്തിൽ സംഭാവന ചെയ്തു. പാകിസ്ഥാന് വേണ്ടി തുബ ഹസ്സൻ, ഒമൈമ സുഹൈൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ഒന്നിൽ ഒന്നാം സ്ഥാനക്കാരായി.

ബാർബഡോസ്, ഓസ്ട്രേലിയ, പാകിസ്ഥാൻ എന്നിവരാണ് ഗ്രൂപ്പിൽ തുടർന്നുള്ള സ്ഥാനങ്ങളിൽ. ഓഗസ്റ്റ് 3-ന് ബാർബർഡോസ് ആണ് ഇന്ത്യയുടെ അടുത്ത എതിരാളികൾ. മത്സരത്തിൽ ജയിക്കാനായാൽ ഇന്ത്യക്ക് സെമി ഫൈനൽ പ്രവേശനം ഉറപ്പിക്കാം.