മന്ദാന വെടികെട്ട്… വീണ്ടും ജയവുമായി സെമിയിലേക്ക് പറന്ന് ഇന്ത്യൻ വനിതകൾ

ഐസിസി വനിത ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് മൂന്നാം വിജയം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ, അയർലണ്ടിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. സെന്റ് ജോർജ് പാർക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന്, ഓപ്പണർ സ്മൃതി മന്ദാനയുടെ അർദ്ധ സെഞ്ച്വറി പ്രകടനത്തിന്റെ പിൻബലത്തിൽ, നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 155 റൺസ് നേടി.

56 പന്തിൽ 9 ബൗണ്ടറികളും 3 സിക്സറുകളും സഹിതം 155.36 സ്ട്രൈക്ക് റേറ്റോടെ 87 റൺസ് ആണ് സ്മൃതി മന്ദാന നേടിയത്. ശഫാലി വർമ്മ (24), ജമീമ റോഡ്രിഗസ് (19) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചപ്പോൾ, ദീപ്തി ശർമ്മ (0), റിച്ച ഘോഷ് (0) എന്നിവർ നിരാശപ്പെടുത്തി. അയർലൻഡിനായി ക്യാപ്റ്റൻ ലൗറ ഡെലാനി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ഓർല പ്രെൻഡെർഗസ്റ്റ് രണ്ട് വിക്കറ്റുകളും വീഴ്ത്തി.

156 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അയർലൻഡ്, സാമാന്യം ഭേദപ്പെട്ട നിലയിൽ പോകുന്ന വേളയിൽ ആണ് മഴ രസം കൊല്ലിയായി എത്തിയത്. ഓപ്പണർ അമി ഹണ്ടർ (1), ഓർല പ്രെൻഡെർഗസ്റ്റ് (0) എന്നിവരെ അയർലണ്ടിന് അതിവേഗം നഷ്ടമായെങ്കിലും, ഓപ്പണർ ഗാബി ലെവിസ് (32), ക്യാപ്റ്റൻ ലൗറ ഡെലാനി (17) എന്നിവർ ക്രീസിൽ തുടരുന്നുണ്ടായിരുന്നു. 8.2 ഓവറുകൾ പിന്നിട്ട വേളയിൽ, അയർലൻഡ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 54 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് മഴ എത്തിയത്.

തുടർന്ന്, കളി കുറച്ച് സമയം നിർത്തിവെച്ചെങ്കിലും, മഴ തോരുന്നതിന്റെ ലക്ഷണം ഇല്ലാതിരുന്നതിനാൽ, ഡിഎൽഎസ് നിയമപ്രകാരം അമ്പയർ വിജയിയെ പ്രഖ്യാപിച്ചു. ഡിഎൽഎസ് നിയമപ്രകാരം ഇന്ത്യ 5 റൺസിന് വിജയിക്കുകയായിരുന്നു. ജയത്തോടെ ഗ്രൂപ്പ് ബി-യിൽ നിന്നെ രണ്ടാം സ്ഥാനക്കാരായി ഇന്ത്യ ഐസിസി വനിത ടി20 ലോകകപ്പിന്റെ സെമിഫൈനലിൽ പ്രവേശിച്ചു. ഇംഗ്ലണ്ട് ആണ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർ.

4/5 - (2 votes)