എന്താപ്പോ ഇവിടെ സംഭവിച്ചേ!! സ്വന്തം റൺഔട്ട് കണ്ട് കണ്ണുതള്ളി ഇന്ത്യൻ ബാറ്റർ

വെള്ളിയാഴ്ച്ച ക്വീൻസ്‌ടൗണിൽ നടന്ന ഇന്ത്യ – ന്യൂസിലാൻഡ് വിമൻസ് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടതോടെ, 5 ഏകദിനങ്ങൾ അടങ്ങിയ പരമ്പരയിൽ 3-0 ത്തിന് മുന്നിലെത്തിയ ന്യൂസിലാൻഡ് അപരാജിത ലീഡ് നേടി ഇതിനോടകം പരമ്പര സ്വന്തമാക്കി. ജോൺ ഡേവീസ് ഓവൽ സ്റ്റേഡിയത്തിൽ നടന്ന പരമ്പരയിലെ മൂന്നാം മത്സരത്തിൽ, 3 വിക്കറ്റിനാണ് ന്യൂസിലാൻഡ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി മോശം ഫോം തുടരുന്ന ഇന്ത്യയുടെ സ്റ്റാർ ബാറ്റർ ഹർമൻപ്രീത് കൗർ, ഈ മത്സരത്തിൽ വിചിത്രമായ രീതിയിൽ റണ്ണൗട്ടായതോടെ കാര്യങ്ങൾ ഹർമൻപ്രീതിന് പ്രതികൂലമായി തുടർന്നു. ന്യൂസിലൻഡ് പര്യടനത്തിൽ ഇതുവരെ ഒരു ജയം രേഖപ്പെടുത്തിയിട്ടില്ലാത്ത ഇന്ത്യ, ഏക ട്വന്റി20 മത്സരത്തിൽ 18 റൺസിനും ആദ്യ രണ്ട് ഏകദിനങ്ങൾ യഥാക്രമം 62 റൺസിനും മൂന്ന് വിക്കറ്റിനും പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ഹർമൻപ്രീതിന്റെ ഫോം ഇന്ത്യക്ക് ഒരു പ്രധാന ആശങ്കയാണ്.

എന്നാൽ, കഴിഞ്ഞ മത്സരത്തിലെ ഹർമൻപ്രീതിന്റെ റൺഔട്ട്‌ നിർഭാഗ്യവും കൗതുകകരവും നിറഞ്ഞതായിരുന്നു. ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ഫ്രാൻസിസ് മക്കെ എറിഞ്ഞ 28-ാം ഓവറിലെ നാലാം പന്തിൽ, ക്രീസിൽ നിന്ന് കയറി വന്ന് അഡ്വാൻസ് പുഷിന് ശ്രമിച്ച ഹർമൻപ്രീത്, പന്ത് തിരികെ മക്കെയുടെ കൈകളിലേക്ക് തന്നെ മടക്കി. പിന്നീട്, മക്കെയുടെ ഭാഗത്ത്‌ നിന്നുണ്ടായ പ്രവർത്തി തികച്ചും അപ്രതീക്ഷിതമായിരിന്നു.

പന്ത് കയ്യിൽ കിട്ടിയ ഉടനെ മക്കെ, ഒരു ബുള്ളറ്റ് ത്രോയിലൂടെ പന്ത് വിക്കറ്റ് കീപ്പർ കെയ്‌റ്റി മാർട്ടിന് കൈമാറുകയും, പന്ത് ഗ്ലൗസുകളിൽ കുടിങ്ങിയ ഉടനെ കെയ്‌റ്റി ബെയ്‌ൽസ് തെറിപ്പിക്കുകയും ചെയ്തു. എന്നാൽ, ക്രീസിൽ നിന്ന് മുന്നോട്ട് കയറി വന്ന ഹർമൻപ്രീത് ഇതെല്ലാം കണ്ട് ഒരു നിമിഷം കൗതുകത്തോടെ നിന്ന ശേഷം, ക്രീസിലേക്ക് ഡൈവ് ചെയ്തെങ്കിലും, ഹർമൻപ്രീതിന്റെ അവസാന നിമിഷം ഡൈവിന് രക്ഷിക്കാനായില്ല.