
സ്റ്റമ്പ്സ് പറത്തി യുവ ബുംറ… യുവ താരത്തിന് കയ്യടിച്ചു രോഹിത് ശർമ്മ.. കാണാം വീഡിയോ
2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റൊരു താരോദയം കൂടി. മുംബൈ ഇന്ത്യൻസിന്റെ അൺക്യാപ്ട് ബോളർ ആകാശ് മദ്വാളാണ് ഇപ്പോൾ മികച്ച ബോളിംഗ് പ്രകടനവുമായി ശ്രദ്ധ നേടിയിരിക്കുന്നത്. മുംബൈയുടെ നിർണായകമായ ഹൈദരാബാദിനെതിരായ മത്സരത്തിൽ നാല് വിക്കറ്റുകളാണ് മദ്വാൾ നേടിയത്. മത്സരത്തിൽ മറ്റു മുംബൈ ബോളർമാർ എല്ലാവരും പൊതിരെ തല്ലുവാങ്ങിയ സാഹചര്യത്തിൽ മദ്വാളിന്റെ ഒരു തകർപ്പൻ പ്രകടനം തന്നെയായിരുന്നു കണ്ടത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദിന് അഞ്ചു വിക്കറ്റുകൾ മാത്രമാണ് ഇന്നിംഗ്സിൽ നഷ്ടമായത്. ഇതിൽ നാല് വിക്കറ്റുകളും സ്വന്തമാക്കിയത് മദ്വാളായിരുന്നു.
മത്സരത്തിന്റെ 19 ആം ഓവറിൽ ക്ലാസന്റേയും ഹാരി ബ്രുക്കിന്റെയും വിക്കറ്റുകൾ തുടർച്ചയായ ബോളുകളിൽ വീഴ്ത്തിയാണ് മദ്വാൾ ഹീറോയിസം കാണിച്ചത്. മത്സരത്തിൽ 18 ഓവറുകൾ അവസാനിക്കുമ്പോൾ ശക്തമായ നിലയിലായിരുന്നു ഹൈദരാബാദ്. ഓവറിലെ അഞ്ചാം പന്തിൽ ഒരു തകർപ്പൻ ബോളിൽ ക്ലാസന്റെ കുറ്റിതെറിപ്പിച്ച് മദ്വാൾ വീരം കാട്ടി. പിന്നീട് അപകടകാരിയായ ഹാരി ബ്രുക്കിനെ തൊട്ടടുത്ത പന്തിൽ തന്നെ മദ്വാൾ മടക്കി. ഇതോടെ മത്സരത്തിൽ വലിയൊരു തിരിച്ചുവരവ് നടത്താൻ മുംബൈ ഇന്ത്യൻസിന് സാധിച്ചിട്ടുണ്ട്.
മത്സരത്തിലുടനീളം ഇത്തരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച മദ്വാൾ 37 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. മുംബൈക്കായി ആദ്യ മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തില്ലെങ്കിലും വലിയ പുരോഗമനം തന്നെയാണ് മദ്വാളിന് കഴിഞ്ഞ മത്സരങ്ങളിൽ ഉണ്ടാക്കിയിരിക്കുന്നത്. വരും സീസണുകളിലും ഇത്തരത്തിൽ പ്രകടനം ആവർത്തിക്കുകയാണെങ്കിൽ മദ്വാൾ അനായാസം ഇന്ത്യൻ ദേശീയ ടീമിൽ ഇടംപിടിക്കും എന്ന കാര്യത്തിൽ സംശയമില്ല.
MI fans missing Bumrah? Akash Madhwal comes to the rescue! 🙌
#MIvsSRH #IPL2023pic.twitter.com/NA9gYVABOH
— OneCricket (@OneCricketApp) May 21, 2023
മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ മുംബൈ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് സൺറൈസേഴ്സ് ഹൈദരാബാദിന് ഓപ്പണർമാരായ വിവ്രാന്ത് ശർമയും മയങ്ക് അഗർവാളും നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 140 റൺസ് കൂട്ടിച്ചേർക്കുകയുണ്ടായി. അഗർവാൾ 46 പന്തുകളിൽ 83 നേടിയപ്പോൾ, ശർമ 47 പന്തുകളിൽ 69 റൺസാണ് നേടിയത്. ഇരുവരുടെയും വെടിക്കെട്ടിൽ നിശ്ചിത 20 ഓവറുകളിൽ 200 റൺസ് നേടാൻ ഹൈദരാബാദിന് സാധിച്ചിട്ടുണ്ട്.