ഷെയ്ൻ വോണിന്റെ സംസ്‌കാര ചടങ്ങുകൾ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ; പൊതുജനങ്ങൾക്കും പ്രവേശനം

അന്തരിച്ച ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ സംസ്‌കാര ചടങ്ങുകൾ മാർച്ച് 30 ന് വൈകുന്നേരം മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (എംസിജി) നടക്കും. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ രാജ്യം പൂർണ്ണ ഔദ്യോഗികബഹുമതികൾ നൽകിക്കൊണ്ട് ഇതിഹാസ ലെഗ് സ്പിന്നറുടെ സംസ്‌കാര ചടങ്ങുകൾ നിർവ്വഹിക്കുമെന്നും വിക്ടോറിയൻ സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചു. ഔദ്യോഗിക ചടങ്ങുകൾക്ക്‌ മുമ്പ് പൊതുജനങ്ങൾക്കായി വോണിന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വെക്കും.

ഓസ്ട്രേലിയൻ ഇതിഹാസ സ്പിന്നറുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാനും പൊതുദർശനത്തിൽ പങ്കെടുക്കാനും പൊതുജനങ്ങൾക്ക് എംസിജിയിലേക്ക് പ്രവേശനം ഉണ്ടായിരിക്കുമെന്ന് വിക്ടോറിയൻ സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നു. ഔദ്യോഗിക ചടങ്ങുകൾക്ക് മുമ്പായി തങ്ങളുടെ സംസ്‌കാര ചടങ്ങുകൾ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ നിർവ്വഹിക്കുമെന്ന് വോണിന്റെ അടുത്ത കുടുംബ വൃത്തങ്ങൾ അറിയിച്ചു.

വോൺ “ഒരു ക്രിക്കറ്റ് തലമുറയെ വാക്കുകൾ കൊണ്ട് മാത്രമല്ല പ്രചോദിപ്പിച്ചത്. അദ്ദേഹം അത് നിർവചിച്ചു കാണിച്ചു,” വിക്ടോറിയൻ സംസ്ഥാന സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കൂടാതെ, വാണിനോട് വിടപറയാൻ എംസിജിയേക്കാൾ യോജിച്ച മറ്റൊരിടവുമില്ല എന്ന് വിക്ടോറിയൻ പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് പറഞ്ഞു. മാർച്ച് 30 ന് വൈകുന്നേരം എംസിജിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വിക്ടോറിയക്കാർക്കും രാജ്യത്തിനും ക്രിക്കറ്റിനും ഷെയ്ൻ വോൺ നൽകിയ സംഭാവനകൾ ഓർക്കാനും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാനും കഴിയും,” ആൻഡ്രൂസ് പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച്ച (മാർച്ച്‌ 4) തായ്ലാൻഡിലെ അവധിക്കാല ദ്വീപായ കോ സാമുയിയിൽ വെച്ചാണ് 52 കാരനായ വോൺ മരണപ്പെട്ടത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് സ്വാഭാവിക മരണമാണെന്ന് കണ്ടെത്തി. വോണിന്റെ മരണത്തിൽ വിവിധ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാർ, റോക്ക് സ്റ്റാറുകൾ, സഹകളിക്കാർ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.