റിഷാബിന് പകരമായി സഞ്ജു ഏകദിന ടീമിലേക്ക് എത്തില്ല 😳😳😳അഭിപ്രായവുമായി വസീം ജാഫർ

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ നിരയിൽ തിളങ്ങിയ താരങ്ങളിൽ ഒരാളാണ് മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ. മൂന്ന് മത്സരങ്ങളിലും ബാറ്റ് ചെയ്യാൻ ഇറങ്ങിയ സഞ്ജു, ഒരു അർദ്ധ സെഞ്ച്വറി നേടുകയും ചെയ്തു. മാത്രമല്ല മൂന്ന് കളികളിലും ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് സഞ്ജുവിനെ പുറത്താക്കാൻ ആയില്ല എന്നതും ശ്രദ്ധേയമാണ്. ഇതോടെ, ഇന്ത്യയുടെ ഏകദിന ടീമിൽ സഞ്ജുവിന് സ്ഥിര സാന്നിധ്യമാകാൻ സാധിക്കും എന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു.

എന്നാൽ, ഇതിൽനിന്ന് വ്യത്യസ്തമായ ഒരു അഭിപ്രായമാണ് മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ പങ്കുവെച്ചിരിക്കുന്നത്. സഞ്ജു സാംസൺ തന്നെ ആകർഷിച്ചു എന്ന് പറഞ്ഞ വസീം ജാഫർ, എന്നിരുന്നാലും ഇന്ത്യയുടെ ഏകദിന ടീമിൽ സഞ്ജുവിന് വിക്കറ്റ് കീപ്പറുടെ റോളിൽ ഋഷഭ് പന്തിന് പകരക്കാരൻ ആകാൻ ആവില്ല എന്നും പറഞ്ഞു. എന്നാൽ, സഞ്ജുവിനെ ഇന്ത്യയ്ക്ക് തള്ളിക്കളയാൻ ആകില്ല എന്നും, അദ്ദേഹത്തെ ടീമിലേക്ക് മറ്റൊരു റോളിൽ പരിഗണിക്കേണ്ടതുണ്ട് എന്നും ഇന്ത്യൻ താരം അഭിപ്രായപ്പെട്ടു.

“സഞ്ജു എന്നെ ആകർഷിച്ചു. സ്ഥിരത ഇല്ലാത്ത കളിക്കാരൻ എന്ന് സഞ്ജുവിന് ഒരു പേരുദോഷം ഉണ്ടായിരുന്നു, എന്നാൽ അദ്ദേഹം അത് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ മാറ്റി. ആദ്യ മത്സരത്തിൽ ടീമിനെ ജയത്തിലേക്ക് നയിക്കാൻ സാധിച്ചില്ലെങ്കിലും അർധസെഞ്ചുറി നേടി സഞ്ജു തിളങ്ങി, രണ്ടാമത്തെ മത്സരത്തിൽ ഇന്ത്യയെ ജയത്തിലേക്ക് നയിക്കുകയും ചെയ്തു. എന്നാൽ സഞ്ജുവിന്റെ ഏകദിന ടീമിലെ ഭാവി ഇപ്പോഴും സുരക്ഷിതമാണ് എന്ന് ഞാൻ കരുതുന്നില്ല,” വസീം ജാഫർ പറയുന്നു.

“ഋഷഭ് ഇംഗ്ലണ്ടിൽ നേടിയ സെഞ്ച്വറി നമ്മൾ മറന്നിട്ടില്ല. അതും ഏകദിനത്തിൽ ആയിരുന്നു. ടി20 ഫോർമാറ്റ് ഋഷഭ് സ്ഥിരത പുലർത്തുന്നുണ്ട് എന്ന് ഞാൻ പറയുന്നില്ല, എന്നാൽ ഏകദിനത്തിലും ടെസ്റ്റിലും ഇപ്പോഴും മികച്ച ഓപ്ഷൻ ഋഷഭ് തന്നെയാണ്. എന്നാൽ അക്കാരണത്താൽ സഞ്ജുവിനെ തഴയാൻ സാധിക്കില്ല, സഞ്ജുവിനും ടീമിൽ അവസരം നൽകേണ്ടതുണ്ട്. എന്നാൽ അത് ഋഷഭിനെ മാറ്റിക്കൊണ്ട് ആവരുത്,” വസീം ജാഫർ പറഞ്ഞു.