ധവാന് പ്രായമായി, കോഹ്ലി, രോഹിത് ഇപ്പോൾ പഴയ പോലെ കളിക്കുന്നില്ല ; ഇന്ത്യൻ ടോപ് ഓർഡർ ബാറ്റിംഗ് ലൈനപ്പിനെ വിമർശിച്ച് മുൻ ഇന്ത്യൻ ഓപ്പണർ

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സീനിയർ താരങ്ങൾ സമീപ കാലത്തായി വളരെ മോശം ഫോമിലാണ്. പ്രധാനമായും ഇന്ത്യയുടെ ടോപ് ഓർഡർ ബാറ്റിംഗ് നിര, സ്ഥിരത പുലർത്താത്തത് ഇന്ത്യയ്ക്ക് ഒരു വലിയ തലവേദനയാണ്. ഏകദിന ഫോർമാറ്റിലെ ഇന്ത്യയുടെ ടോപ് ഓർഡർ ബാറ്റർമാരായ രോഹിത് ശർമ്മ, ശിഖർ ധവാൻ, വിരാട് കോഹ്‌ലി എന്നിവർ ആരും തന്നെ കഴിഞ്ഞ കുറച്ചു കളികളിലായി ഫോം കണ്ടെത്തിയിട്ടില്ല.

ഏറ്റവും ഒടുവിൽ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ, ആദ്യ മത്സരത്തിൽ രോഹിത് ശർമ്മ അർദ്ധ സെഞ്ച്വറി നേടുകയും, ശിഖർ ധവാൻ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു. എന്നാൽ, ശേഷിച്ച രണ്ട് മത്സരങ്ങളിലും ഓപ്പണർമാർ പരാജിതരായി. ഇംഗ്ലണ്ട് പര്യടനത്തിലെ ഫോർമാറ്റുകളിലൂടനീളം വിരാട് കോഹ്ലിക്കും തന്റെ മികവ് തെളിയിക്കാനായില്ല.

ഇപ്പോൾ, മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുകയാണ്. “ബാറ്റിംഗ് ലൈനപ്പിലെ ആദ്യത്തെ മൂന്നുപേർ റൺസ് നേടിയപ്പോൾ എല്ലാം ഇന്ത്യ മികച്ച രീതിയിൽ കളിച്ചിട്ടുണ്ട്. എന്നാൽ ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ഏകദിനങ്ങളിൽ അത് സംഭവിച്ചില്ല. വിരാട് കോഹ്ലി ഇപ്പോൾ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്, ശിഖർ ധവാൻ ആണെങ്കിൽ ആകെ തളർന്നിരിക്കുന്നു,” വസീം ജാഫർ പറയുന്നു.

“രോഹിത് ശർമ്മയും നമ്മൾ ആഗ്രഹിക്കുന്ന പോലെ സ്ഥിരത പുലർത്തുന്നില്ല. മധ്യനിര ബാറ്റർമാരുടെ പ്രകടനം മാത്രമാണ് രോഹിത്തിന് ഇപ്പോൾ സന്തോഷം നൽകുന്നത്. ബാറ്റിംഗ് ലൈനപ്പിലെ 8-ാം നമ്പറിൽ ഇറങ്ങുന്ന ആൾ വരെ ബാറ്റ് ചെയ്യേണ്ടതുണ്ട്. ഷാർദുൽ താക്കൂർ, ദീപക് ചാഹർ തുടങ്ങിയ താരങ്ങളെ എട്ടാം നമ്പറിലേക്ക് പരിഗണിക്കാവുന്നതാണ്. ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിന്റെ ആഴം വർദ്ധിപ്പിക്കുന്നത് വരാനിരിക്കുന്ന ലോകകപ്പിലും ടീമിന് ഗുണമാകും,” വസീം ജാഫർ പറഞ്ഞു.