സൂര്യകുമാർ യാദവ് 100% മികച്ച ബാറ്റർ അല്ല; കാരണങ്ങൾ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം

2022-ൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ പരിശോധിച്ചാൽ അതിൽ മുൻനിരയിൽ നിൽക്കുന്ന താരമാണ് സൂര്യകുമാർ യാദവ്. പ്രത്യേകിച്ച്, ടി20 ഫോർമാറ്റിൽ ഇന്ത്യക്കായി ഗംഭീര പ്രകടനമാണ് കഴിഞ്ഞുപോയ വർഷം സൂര്യകുമാർ യാദവ് പുറത്തെടുത്തത്. രണ്ട് സെഞ്ച്വറികൾ ഉൾപ്പടെ 1000-ത്തിലധികം റൺസ് ആണ് ടി20 ഫോർമാറ്റിൽ സൂര്യകുമാർ യാദവ് സ്കോർ ചെയ്തത്. ഐസിസി ബാറ്റർമാരുടെ ടി20 റാങ്കിങ്ങിൽ സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.

എന്നാൽ, ഇതുകൊണ്ടൊന്നും സൂര്യകുമാർ യാദവ് 100% മികച്ച പ്രകടനമാണ് 2022-ൽ കാഴ്ചവെച്ചത് എന്ന് പറയാൻ കഴിയില്ല എന്ന അഭിപ്രായക്കാരനാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ഓസ്ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിൽ നിർണായകമായ രണ്ട് മത്സരങ്ങളിൽ സൂര്യകുമാർ യാദവ് പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം പുറത്തെടുത്തില്ല എന്നാണ് വസീം ജാഫർ ചൂണ്ടിക്കാട്ടുന്നത്. ഈ മത്സരങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം സൂര്യകുമാർ നിന്ന് മികച്ചൊരു സംഭാവന പ്രതീക്ഷിച്ചിരുന്നതായും മുൻ ഇന്ത്യൻ താരം പറഞ്ഞു.

“സൂര്യകുമാർ യാദവിനെ സംബന്ധിച്ചിടത്തോളം മികച്ച ഒരു വർഷമാണ് ഇപ്പോൾ കടന്നുപോയത്. ടി20 ഫോർമാറ്റിൽ, ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, ആറ് ബാറ്റിംഗ് പൊസിഷനുകളിൽ ആര് ഇറങ്ങുന്നു എന്നതിലല്ല, സൂര്യകുമാർ യാദവ് മികച്ച സംഭാവന നൽകുന്നുണ്ടോ എന്നതിലായിരുന്നു കഴിഞ്ഞ വർഷത്തെ ഇന്ത്യയുടെ പെർഫോമൻസ് ഗ്രാഫ് ഉയരുകയും താഴുകയും ചെയ്തത്. സൂര്യകുമാർ യാദവ് മികച്ച പ്രകടനം നടത്തിയ മത്സരങ്ങളിൽ മാത്രമേ, ഇന്ത്യ 180+ സ്കോർ ചെയ്തിട്ടുള്ളൂ എന്നത് ശ്രദ്ധേയമാണ്,” വസീം ജാഫർ പറയുന്നു.

“എന്നാൽ, ഇതെല്ലാം കൊണ്ട് സൂര്യകുമാർ യാദവ് 100% മികച്ച പ്രകടനമാണ് കാഴ്ചവച്ചത് എന്ന് പറയാൻ സാധിക്കില്ല. ടി20 ലോകകപ്പിൽ പാകിസ്താനെതിരായ സൂപ്പർ 12 മത്സരത്തിലും, ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരത്തിലും സൂര്യകുമാർ യാദവിൽ നിന്ന് ടീം ഒരുപാട് പ്രതീക്ഷിച്ചിരുന്നു. എന്നാൽ രണ്ടു നിർണായക മത്സരങ്ങളിലും അദ്ദേഹത്തിന്റെ പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിച്ചില്ല എന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണ്,” വസീം ജാഫർ പറഞ്ഞു.

Rate this post