ബെസ്റ്റ് ഐപിൽ ടീമുമായി വസീം ജാഫർ!!!സഞ്ജുവും ടീമിൽ പക്ഷേ ക്യാപ്റ്റൻ മറ്റൊരാൾ

ആവേശകരമായ ഐപിഎൽ പതിനഞ്ചാം പതിപ്പിന് അവസാനമായിരിക്കുകയാണ്. ഐപിഎല്ലിലെ പ്രതാപികളായ ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും ലീഗ് ഘട്ടം അവസാനിക്കുമ്പോൾ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായത് മുതൽ ഐപിഎൽ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റൻസ് കിരീടം ഉയർത്തിയത് വരെ നിരവധി അപ്രതീക്ഷിത നിമിഷങ്ങൾ സമ്മാനിച്ച പ്രവചനാതീതമായ ഐപിഎൽ സീസണിനാണ് വിരാമമായിരിക്കുന്നത്.

ടീമുകളുടെ അപ്രതീക്ഷിത പ്രകടനങ്ങൾക്ക് സമാനമായി കളിക്കാരുടെ വ്യക്തിഗത പ്രകടനങ്ങളും തീർത്തും അപ്രതീക്ഷിതമായിരുന്നു. പരിചയസമ്പന്നനായ രോഹിത് ശർമ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ തുടങ്ങിയ വമ്പന്മാർ നിറംമങ്ങിയ സീസണിൽ തിലക് വർമ്മ, ഡെവാൾഡ് ബ്രെവിസ്, മുകേഷ് ചൗധരി തുടങ്ങിയ യുവതാരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചത് ശ്രദ്ധേയമായി. ഇപ്പോൾ ഈ സീസണിലെ പ്രകടനത്തെ ആസ്പദമാക്കി ഒരു ബെസ്റ്റ് ഇലവൻ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ.

രാജസ്ഥാൻ റോയൽസിന്റെ സ്റ്റാർ ഓപ്പണറും ഐപിഎൽ പതിനഞ്ചാം പതിപ്പിന്റെ ടോപ്സ്കോററുമായ ജോസ് ബട്ട്ലറും ലഖ്നൗ സൂപ്പർ ജിയന്റ്സ് ക്യാപ്റ്റനും സീസണിലെ റൺ വേട്ടക്കാരിൽ രണ്ടാമനുമായ കെഎൽ രാഹുലുമാണ് വസീം ജാഫർ തിരഞ്ഞെടുത്ത ഇലവനിലെ ഓപ്പണർമാർ. മൂന്നാമനായി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പർ ബാറ്ററുമായ സഞ്ജു സാംസണെയാണ് വസീം ജാഫർ തന്റെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നാലാം നമ്പറിൽ ഗുജറാത്ത്‌ ടൈറ്റൻസ് ക്യാപ്റ്റനും ഓൾറൗണ്ടറുമായ ഹാർദിക് പാണ്ഡ്യ ഇടം നേടി. ഹാർദിക് ആണ് വസീം ജാഫറിന്റെ ക്യാപ്റ്റൻ.

അഞ്ചാം നമ്പറിൽ പഞ്ചാബ് കിംഗ്സിന്റെ ഇംഗ്ലീഷ് ഓൾറൗണ്ടർ ലിയാം ലിവിങ്സ്‌റ്റണും ആറാമനായി ഗുജറാത്ത്‌ ടൈറ്റൻസിന്റെ വെടിക്കെട്ട് ബാറ്റർ ഡേവിഡ് മില്ലറും വസീം ജാഫർ പ്രഖ്യാപിച്ച ടീമിൽ ഇടം കണ്ടെത്തി. ഏഴാം നമ്പറിൽ ഫിനിഷറുടെ റോളിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വെറ്ററൻ വിക്കറ്റ്കീപ്പർ ദിനേശ് കാർത്തിക് ഇടം കണ്ടെത്തി. ബൗളിംഗ് ഡിപ്പാർട്മെന്റിൽ പേസർമാരായി ഹർഷൽ പട്ടേലും മുഹമ്മദ്‌ ഷമിയും സ്ഥാനം നേടിയപ്പോൾ സ്പിന്നർമാരായി വാനിന്ദു ഹസരംഗയേയും യുസ്വേന്ദ്ര ചഹലിനെയും വസീം ജാഫർ തിരഞ്ഞെടുത്തു.

Rate this post