അവനെ ഇന്ത്യൻ ഓപ്പണർ ആക്കണം : വമ്പൻ ആവശ്യവുമായി വസീം ജാഫർ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര വ്യാഴാഴ്ച (ജൂലൈ 7) ആരംഭിക്കാനിരിക്കെ ടീം ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിൽ ഒരു നിർണ്ണായക മാറ്റം നിർദേശിച്ച് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനെ ടീമിന്റെ ഓപ്പണിംഗ് ബാറ്റർ ആക്കണമെന്നാണ് വസീം ജാഫർ നിർദേശിക്കുന്നത്. ട്വീറ്ററിലൂടെ ആയിരുന്നു മുൻ ഇന്ത്യൻ താരം തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.

ടെസ്റ്റ്‌ ക്രിക്കറ്റിൽ റിഷഭ് ശ്രദ്ധേയമായ പ്രകടനം തുടർച്ചയായി പുറത്തെടുക്കുന്നുണ്ടെങ്കിലും, അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ റിഷഭ് പന്തിന്റെ കണക്കുകൾ അത്ര നല്ലതല്ല. 2017-ൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്കായി ടി20-യിൽ അരങ്ങേറ്റം കുറിച്ച പന്ത് ഇതുവരെ 48 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്നാൽ, 48 കളികളിൽ നിന്ന് വെറും 23.15 ശരാശരിയിൽ 123.91 സ്ട്രൈക്ക് റേറ്റോടെ 741 റൺസ് മാത്രമാണ് 24-കാരനായ പന്തിന്റെ സമ്പാദ്യം.

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായകനായ പന്ത്, നിരവധി മികച്ച ഇന്നിംഗ്സുകൾ കളിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യൻ ടീമിനായി ടി20 ഫോർമാറ്റിൽ പന്തിന് ആകർഷകമായ സ്റ്റാറ്റിസ്റ്റിക്സ് സമ്പാദിക്കാനായിട്ടില്ല. പന്ത് ഒരു മധ്യനിര ബാറ്റർ ആണെന്നിരിക്കെ, ടി20 ഫോർമാറ്റിൽ പന്തിന് വലിയ ഇന്നിംഗ്സുകൾ കളിക്കാനുള്ള സമയം ലഭിക്കാറില്ല എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ പന്തിന് തന്റെ പവർഹിറ്റിംഗ് പ്രകടനവും പുറത്തെടുക്കാൻ ആകാറില്ല.

ഈ സാഹചര്യം കണക്കിലെടുത്താണ് വസീം ജാഫർ പുതിയ നിർദേശം മുന്നോട്ട് വെക്കുന്നത്. “റിഷഭ് പന്തിനെ ടി20 ഫോർമാറ്റിൽ ഓപ്പണർ ആക്കുന്നതിനെ കുറിച്ച് ഇന്ത്യ ചിന്തിക്കണം. ഓപ്പണർ റോളിൽ പന്തിന് തിളങ്ങാനാകുമെന്ന് ഞാൻ കരുതുന്നു,” വസീം ജാഫർ ട്വീറ്റ് ചെയ്തു. എന്നിരുന്നാലും, ഇന്ത്യൻ ടീമിൽ ഓപ്പണർമാർ ധാരാളം ഉള്ളതിനാൽ പന്തിനെ ഓപ്പണർ ആക്കാൻ സാധ്യത വളരെ കുറവാണ്.