ഇവർ 2023ലെ ലോകക്കപ്പ് കളിക്കും!!വാനോളം പുകഴ്ത്തി വസീം ജാഫർ

തങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന യുവതാരങ്ങൾ എപ്പോഴും സീനിയർ താരങ്ങൾക്ക് വെല്ലുവിളി ഉയർത്തും എന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ വസീം ജാഫർ. യുവതാരങ്ങളായ ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവരെക്കുറിച്ചാണ് ജാഫറിന്റെ അഭിപ്രായം.

ഇക്കഴിഞ്ഞ സൗത്ത് ആഫ്രിക്കൻ ഏകദിന പരമ്പരയിൽ അവർ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ശ്രേയസ് അയ്യർ ആദ്യ മത്സരത്തിൽ അർദ്ധ സെഞ്ചുറിയും രണ്ടാം മത്സരത്തിൽ സെഞ്ചുറിയും നേടിയിരുന്നു. കിഷനാകട്ടെ രണ്ടാം ഏകദിനത്തിൽ 93 റൺസും എടുത്തിരുന്നു. റാഞ്ചിയിൽ നടന്ന മത്സരത്തിൽ ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 161 റൺസ് ഇന്ത്യൻ വിജയത്തിൽ നിർണായകമായിരുന്നു.

ഇവരുടെ പ്രകടനങ്ങൾ സീനിയർ താരങ്ങളുടെ സ്ഥിതി കഷ്ടത്തിൽ ആക്കുമെന്ന് ജാഫർ പറയുന്നു. ഇപ്പോൾ അവരെല്ലാം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പിനായുള്ള ഒരുക്കത്തിലാണ്. അത് കഴിഞ്ഞാൽ പിന്നെ അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിലെക്ക് എല്ലാവരുടെയും ശ്രദ്ധ തിരിയും. ട്വന്റി ട്വന്റി ടീമിൽ ഉള്ള മിക്കവരും ഏകദിന ടീമിലും കളിക്കാനെത്തും. എങ്കിലും അയ്യർ, കിഷൻ എന്നിവരൊക്കെ തീർച്ചയായും ഇന്ത്യൻ ഏകദിന ടീമിൽ ഇടം പിടിക്കും എന്ന് ജാഫർ വ്യക്തമാക്കി.

ശ്രേയസ് അയ്യർ തന്റെ അവസാന 6 ഏകദിനങ്ങളിൽ നാല് അർദ്ധസെഞ്ചുറിയും ഒരു സെഞ്ചുറിയും നേടിയിരിക്കുന്നു. അയ്യർ ഉറപ്പായും ഏതെങ്കിലും പൊസിഷനിൽ പിടിച്ചുകയറുമെന്ന് പറഞ്ഞ ജാഫർ കിഷനും ഒന്ന് മനസ്സുവെച്ചാൽ ഒരുപക്ഷെ ടീമിൽ ഇടംനേടാൻ കഴിയുമെന്നും പ്രത്യാശിച്ചു. പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും പുറത്താകാതെ നിന്ന മലയാളി താരം സഞ്ജു വി സാംസണെ കുറിച്ച് ജാഫർ ഒന്നും പറഞ്ഞില്ല എന്നതും ശ്രദ്ധേയമായി.