വിരാട് കോഹ്ലി വരും സഞ്ജുവും സൂപ്പറാകും!! വൻ പ്രവചനവുമായി മുൻ ഇന്ത്യൻ താരം

ഇന്ത്യയുടെ സീനിയർ ബാറ്റർ വിരാട് കോഹ്ലിയെ സംബന്ധിച്ചുള്ള ചർച്ചകൾ ഇപ്പോഴും ക്രിക്കറ്റ് ലോകത്ത് പുരോഗമിക്കുകയാണ്. 2019-ന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ലാത്ത കോഹ്ലി അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിൽ ദയനീയ പ്രകടനം കാഴ്ച്ചവെച്ച, കോഹ്ലിക്ക് ഇപ്പോൾ പുരോഗമിക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ വിശ്രമം അനുവദിച്ചിരുന്നു.

ഇതോടെ കോഹ്ലിയുടെ കരിയർ അവസാനിച്ചു എന്ന് പലരും വിധിയെഴുതിയിരുന്നു. എന്നാൽ, അത്തരം അഭ്യൂഹങ്ങളെ പാടെ തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ. നിലവിൽ കോഹ്ലി തന്നെയാണ് ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്നാം നമ്പർ ബാറ്റർ എന്ന് അടിവരയിട്ട് പറഞ്ഞ വസീം ജാഫർ, കോഹ്ലി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയാൽ, മൂന്നാം നമ്പറിൽ അദ്ദേഹം തന്നെ കളിക്കും എന്നും പറഞ്ഞു.

“പരിചയസമ്പത്ത് കൊണ്ടും കഴിവുകൊണ്ടും വിരാട് കോഹ്ലി തന്നെയാണ് ഇപ്പോഴും ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്നാം നമ്പർ ബാറ്റർ. കോഹ്‌ലി ടി20 ടീമിലേക്ക് തിരിച്ചെത്തിയാൽ മൂന്നാം നമ്പറിൽ അദ്ദേഹം തന്നെ കളിക്കും. ഓപ്പണർമാരായി കെഎൽ രാഹുലും രോഹിത്തും കളിക്കും. ഋഷഭ് പന്ത്, സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവർക്കും ഇന്ത്യൻ ടീമിനായി മികച്ച സംഭാവനകൾ നൽകാൻ കഴിയും,” വസീം ജാഫർ പറഞ്ഞു.

അതേസമയം ഫോർമാറ്റുകൾ മാറുമ്പോൾ, കളിക്കാർ അവരുടെ കളി ശൈലിയും മാറ്റണമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ പറഞ്ഞു. “ടെസ്റ്റ്‌, ഏകദിന, ടി20 – ഓരോ ഫോർമാറ്റിലേക്ക് മാറുമ്പോഴും കളി ശൈലിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. അങ്ങനെ വരുമ്പോൾ മാത്രമേ കളിക്കാർക്കും ടീമിനും അത് ഗുണകരമാകു. ഞാൻ ഏറെ ബഹുമാനിക്കുന്ന ഒരു കളിക്കാരനാണ് ചേതേശ്വർ പൂജാര. അദ്ദേഹത്തെപ്പോലെ ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കുന്ന മറ്റൊരു കളിക്കാരൻ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല,” വസീം ജാഫർ പറഞ്ഞു.