ബുംറ ഇല്ലേൽ എന്താണ് അവൻ ഉണ്ടല്ലോ : ബുംറക്ക് പകരം പേസർ പേരുമായി വസീം അക്രം

ടി20 ലോകകപ്പിന് തയ്യാറെടുക്കുന്ന ടീം ഇന്ത്യ, ഓസ്ട്രേലിയയിലെ പെർത്തിൽ കഴിഞ്ഞ ദിവസം നടന്ന വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. ഓസ്ട്രേലിയയിൽ പരിശീലനം തുടരുന്ന ഇന്ത്യ നിലവിൽ രണ്ട് സന്നാഹ മത്സരങ്ങൾ കളിച്ചു കഴിഞ്ഞു. ഓസ്ട്രേലിയൻ പിച്ചിൽ ഇന്ത്യൻ ബാറ്റർമാർ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും, ഇന്ത്യയുടെ ബൗളിംഗ് ഡിപ്പാർട്ട്മെന്റിൽ ലോകകപ്പിനുള്ള ദിവസം അടുക്കുംതോറും ആശങ്കകൾ ഉയർന്നുവരികയാണ്.

ജസ്‌പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവർ പരിക്കിനെ തുടർന്ന് ലോകകപ്പ് സ്‌ക്വാഡിൽ നിന്ന് ഒഴിവായതിനാൽ, ഈ വിടവ് എങ്ങനെ നികത്താം എന്ന പ്ലാനിങ്ങിനിടെ പേസർ ദീപക് ചാഹറിനും പരിക്കേറ്റിരിക്കുകയാണ്. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ, ഭുവനേശ്വർ കുമാർ ആണ് ഇന്ത്യയുടെ സീനിയർ ഫാസ്റ്റ് ബൗളർ. സ്വിംഗ് ചെയ്യാൻ മിടുക്കനായ ഭുവനേശ്വർ കുമാറിന്റെ വേഗതയെ കുറിച്ച് സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് പാകിസ്ഥാൻ ഇതിഹാസം വസീം അക്രം.

“ഭൂവനേശ്വർ കുമാർ വളരെ കഴിവുള്ള ഒരു ബൗളർ ആണ്. ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നതിന് അവൻ മിടുക്കനാണ്. സ്വിംഗ് ആണ് അവന്റെ പ്രധാന ആയുധം. രണ്ടു വശങ്ങളിലേക്കും സ്വിംഗ് ചെയ്യാൻ ഭുവനേശ്വറിന് സാധിക്കും. എന്നാൽ അവന്റെ വേഗതയുടെ കാര്യത്തിൽ എനിക്ക് സംശയം ഉണ്ട്. ഓസ്ട്രേലിയൻ പിച്ചിൽ പേസർമാരുടെ വേഗത ഒരു പ്രധാന ഘടകമാണ്. അതുകൊണ്ടുതന്നെ ഓസ്ട്രേലിയൻ പിച്ചിൽ ഭുവനേശ്വറിന് എത്രത്തോളം കഴിവ് തെളിയിക്കാൻ ആകും എന്ന് കണ്ടറിയണം,” വസീം അക്രം പറയുന്നു.

“ഉമ്രാൻ മാലിക് ഇന്ത്യയ്ക്ക് ഒരു മികച്ച ഓപ്ഷൻ ആണ്. ശരിയാണ് അവനെ അയർലൻഡിലേക്ക് ഇന്ത്യ കൊണ്ടുപോയിരുന്നു, അവിടെ അവൻക്ക് നല്ല അടി കിട്ടുകയും ചെയ്തു. എന്നാൽ, ടി20 ഫോർമാറ്റിൽ ഇത് സാധാരണമാണ്. ഞാനായിരുന്നു സെലക്ടർ എങ്കിൽ, ഞാൻ എപ്പോഴും ഉമ്രാൻ മാലിക്കിനെ തിരഞ്ഞെടുക്കുമായിരുന്നു. കൂടുതൽ അവസരങ്ങൾ നൽകുമ്പോഴേ, ഒരു കളിക്കാരന് കൂടുതൽ പരിചയസമ്പത്ത് നേടാൻ സാധിക്കുകയുള്ളൂ,” വസീം ജാഫർ പറഞ്ഞു.