അമ്പയറെ കണ്ണുരുട്ടി പേടിപ്പിക്കാൻ നോക്കി വാറുണ്ണി!! തീരുമാനം മാറ്റാതെ അമ്പയർ

നവി മുംബൈയിലെ ഡോ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2022-ലെ 55-ാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് സൂപ്പർ ജയം. 91 റൺസിനാണ് നിലവിലെ ചാമ്പ്യൻമാർ ഡൽഹിയെ തകർത്തത്. സീസണിൽ 11 മത്സരങ്ങൾ കളിച്ച സിഎസ്കെ നേടുന്ന നാലാമത്തെ ജയമാണിത്. ഇതോടെ പോയിന്റ് പട്ടികയിൽ 8 പോയിന്റുമായി സിഎസ്കെ 8-ാം സ്ഥാനത്തേക്ക് ഉയർന്നു.

മത്സരത്തിൽ, ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ സിഎസ്കെ, ഓപ്പണർ ഡിവോൺ കോൺവെയുടെ (87) ബാറ്റിംഗ് കരുത്തിൽ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 208 കണ്ടെത്തിയപ്പോൾ, മറുപടി നൽകാനിറങ്ങിയ ഡിസി 17.4 ഓവറിൽ 117 റൺസിന് കൂടാരം കയറുകയായിരുന്നു. സിഎസ്കെക്ക് വേണ്ടി സ്പിന്നർ മൊയീൻ അലി 3 വിക്കറ്റുകൾ വീഴ്ത്തി.209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ഡിസിക്ക് ഇന്നിംഗ്സിന്റെ തുടക്കം തന്നെ പാളിയ കാഴ്ച്ചയാണ് കണ്ടത്. ഇന്നിംഗ്സിന്റെ രണ്ടാം ഓവറിൽ തന്നെ ഓപ്പണർ കെഎസ് ഭരതിനെ നഷ്ടമായ ഡിസിക്ക്, പവർപ്ലേ അവസാനിക്കുന്നതിന് മുന്നേ മികച്ച ഫോമിലുള്ള ഡേവിഡ് വാർണറേയും നഷ്ടമായി.

മഹേഷ്‌ തീക്ഷണ എറിഞ്ഞ 5-ാം ഓവറിൽ മികച്ച രീതിയിലാണ് വാർണർ തുടങ്ങിയത്. ഓവറിലെ ആദ്യ ബോൾ തീക്ഷണയെ എക്സ്ട്രാ കവറിലൂടെ ബൗണ്ടറി കടത്തിയ വാർണർ, തൊട്ടടുത്ത ബോളിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. തീക്ഷണയുടെ ഓഫ് ബ്രേക്ക്‌ ഡെലിവറിക്കെതിരെ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച വാർണർക്ക് പിഴച്ചതോടെ, പന്ത് അദ്ദേഹത്തിന്റെ തുടയിൽ തട്ടി. ഓൺ-ഫീൽഡ് അമ്പയർ സിഎസ്കെ താരങ്ങളുടെ എൽബിഡബ്ല്യു അപ്പീൽ ശരിവെക്കുകയും ചെയ്തു.

തുടർന്ന്, വാർണർ അമ്പയറുടെ തീരുമാനത്തെ വെല്ലുവിളിച്ചെങ്കിലും, വിക്കറ്റ് അമ്പയർ കോൾ ആയി പ്രോജക്ഷൻ വ്യക്തമാക്കി. ഇതോടെ അസ്വസ്ഥനായ വാർണർ പവലിയനിലേക്ക് മടങ്ങുന്ന ഘട്ടത്തിൽ അമ്പയറെ തുറിച്ചു നോക്കുന്നത് റിപ്ലൈ ദൃശ്യങ്ങളിൽ കാണാൻ കഴിഞ്ഞു.