ശ്രീലങ്ക – ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് വിജയം. ജൂൺ 14ന് കാൻഡിയിലെ പല്ലേക്കലെ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ഡിഎൽഎസ് നിയമപ്രകാരം 2 വിക്കറ്റിനാണ് ഓസ്ട്രേലിയ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 42.3 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 282 റൺസ് നേടി.
മത്സരത്തിനിടെ, ധനഞ്ജയ ഡി സിൽവയെ പുറത്താക്കാൻ ഡേവിഡ് വാർണർ എടുത്ത ഒരു ഒറ്റക്കയ്യൻ ക്യാച്ച് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. സ്പിന്നർ ആഷ്ടൺ അഗർ എറിഞ്ഞ ഇന്നിംഗ്സിലെ 26-ാം ഓവറിന്റെ അവസാനത്തെ പന്ത്, ആക്രമണാത്മകമായി ഉയർത്തിയടിച്ച് ഒരു വലിയ ഷോട്ടിന് ശ്രമിച്ചു. ഒരു ഘട്ടത്തിൽ, മിഡ്-ഓണിൽ നിലയുറപ്പിച്ച ഡേവിഡ് വാർണറുടെ തലയ്ക്ക് മുകളിലൂടെ പന്ത് എളുപ്പത്തിൽ പറക്കുന്നതുപോലെ തോന്നിയതിനാൽ, ഷോട്ട് സമയബന്ധിതമായി തോന്നി.
എന്നാൽ, വാർണർ ഉയർന്നു പോകുന്ന പന്തിന് നേരെ ഒറ്റക്കൈ ഉയർത്തിച്ചാടി ക്യാച്ച് പൂർത്തിയാക്കി. ഏറെ, ശ്രദ്ധേയമായത് അത്ലറ്റിക് പ്രയത്നത്തിന് ശേഷവും വാർണർ ബാലൻസ് ചെയ്ത് നിൽക്കുകയും ആഘോഷ പ്രകടനം നടത്തുകയും ചെയ്തു എന്നതാണ്. വാർണറുടെ തകർപ്പൻ ക്യാച്ച് കണ്ട് ആഷ്ടൺ അഗർ പോലും തലയിൽ കൈവെച്ച് അമ്പരന്നുപോയി.
Brilliant catch by David Warner ♥️#SLvAUS pic.twitter.com/PBC3xV5P6D
— Umair Khan (@UmairKhWorld) June 14, 2022
മത്സരത്തിലേക്ക് നോക്കിയാൽ, ഗുണതിലക (55), നിസ്സങ്ക (56), കുശാൽ മെൻഡിസ് (86*) എന്നിവരുടെ ബാറ്റിങ് കരുത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 300 റൺസ് കണ്ടെത്തിയപ്പോൾ, ഓസ്ട്രേലിയൻ നിരയിൽ സ്റ്റീവ് സ്മിത്ത് (53), ഗ്ലെൻ മാക്സ്വെൽ (80*) എന്നിവർ തിളങ്ങിയതോടെ കങ്കാരുപ്പട ജയം സ്വന്തമാക്കി. ഇതോടെ 5 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഓസ്ട്രേലിയ 1-0 ത്തിന് മുന്നിലെത്തി.