വാർണർ രണ്ടാം ടെസ്റ്റിൽ നിന്ന് പുറത്ത്!! പണിയായത് സിറാജിന്റെ ബൗൺസർ!!പകരം താരത്തെ പ്രഖ്യാപിച്ചു ഓസ്ട്രേലിയ
ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ നിന്ന് ഡേവിഡ് വാർണർ പുറത്തേക്ക്. ബാറ്റിങ്ങിനിടെ തുടർച്ചയായി ശരീരത്തിൽ ബോൾ കൊണ്ട സാഹചര്യത്തിലാണ് ഡേവിഡ് വാർണർ രണ്ടാം ടെസ്റ്റിൽ നിന്ന് ഒഴിവാകുന്നത്. മത്സരത്തിൽ ബാറ്റിംഗ് സമയത്ത് പലതവണ ഇന്ത്യൻ പേസർമാരുടെ പന്തുകൾ വാർണറുടെ ശരീരത്തിന്റെ പല ഭാഗത്തും കൊണ്ടിരുന്നു. അതിനാൽ തന്നെ ആദ്യ ദിനത്തിൽ ഇന്ത്യയുടെ ബാറ്റിംഗ് സമയത്ത് വാർണർ മൈതാനത്ത് ഇറങ്ങിയിരുന്നില്ല.
മത്സരത്തിന്റെ ആദ്യസമയത്ത് മുഹമ്മദ് സിറാജ് എറിഞ്ഞ ബൗൺസർ വാർണറുടെ കയ്യിൽ കൊണ്ടിരുന്നു. ശേഷം സിറാജിന്റെ പന്തുകൾ രണ്ടുപ്രാവശ്യം വാർണറുടെ ഹെൽമെറ്റിലും കൊള്ളുകയുണ്ടായി. എന്നിട്ടും വാർണർ തന്റെ ഇന്നിംഗ്സ് പൂർത്തീകരിച്ചു. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 15 റൺസായിരുന്നു വാർണർ നേടിയത്. പക്ഷേ അതിനുശേഷം മൈതാനത്തേക്ക് വാർണർ വന്നില്ല. രണ്ടാം ടെസ്റ്റിൽ നിന്ന് വാർണർ ഒഴിവായ സാഹചര്യത്തിൽ, ബാറ്റർ മാറ്റ് റെൻഷോ മത്സരത്തിൽ വാർണർക്ക് പകരക്കാരനായി എത്തും.

“മെഡിക്കൽ സ്റ്റാഫ് വാർണറെ വരും ദിവസങ്ങളിൽ നിരീക്ഷിക്കുന്നതാണ്. ഇപ്പോൾ അയാൾക്ക് കുറച്ചു പ്രശ്നങ്ങൾ ഉണ്ട്. ആദ്യം അയാളുടെ കയ്യിലും, പിന്നീട് തലയിലും പന്തുകൊണ്ടിരുന്നു. തലയിൽ കൊണ്ടതാണ് അല്പം പ്രശ്നമായത്. എന്താണ് സംഭവിച്ചിരിക്കുന്നത് എന്ന് സ്റ്റാഫുകൾ നിരീക്ഷിക്കുകയാണ്. “- ആദ്യ ദിവസത്തിന് ശേഷം ഓസീസ് ബാറ്റർ ഉസ്മാൻ ഖവാജ സംസാരിക്കുകയുണ്ടായി.
ഓസ്ട്രേലിയക്ക് വലിയ തിരിച്ചടി തന്നെയാണ് വാർണറുടെ ഈ ഒഴിവാകൽ മൂലം ഉണ്ടായിരിക്കുന്നത്. പകരമെത്തിയ റെൻഷോ ആദ്യ മത്സരത്തിൽ മികവാർന്ന പ്രകടനങ്ങൾ ആയിരുന്നില്ല കാഴ്ച വെച്ചിരുന്നത്. നാഗപൂർ ടെസ്റ്റിൽ 0,2 എന്നിങ്ങനെയായിരുന്നു റെൻഷോയുടെ സ്കോറുകൾ. എന്തായാലും മൂന്നാമത്തെ ടെസ്റ്റിൽ വാർണർ തിരിച്ചെത്തുമെന്ന തന്നെയാണ് പ്രതീക്ഷിക്കുന്നത്.