ഞാൻ ടെസ്റ്റ്‌ കളിക്കാനുള്ള കാരണം ആ ഉപദേശം!! വെളിപ്പെടുത്തി ഡേവിഡ് വാർണർ

ക്രിക്കറ്റ്‌ ലോകം കണ്ട ഏറ്റവും മികച്ച പവർ ഹിറ്റർമാരിൽ ഒരാളാണ് ഓസ്ട്രേലിയയുടെ ഡേവിഡ് വാർണർ. സാധാരണ എല്ലാ കളിക്കാരും ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലൂടെ കഴിവ് തെളിയിച്ചാണ് ദേശീയ ടീമിൽ ഇടം പിടിക്കാറുള്ളത്. എന്നാൽ, ഒരു ഫസ്റ്റ് ക്ലാസ് മത്സരം പോലും കളിക്കാതെ ദേശീയ ടീമിൽ ഇടം പിടിച്ച, ഓസ്ട്രേലിയയുടെ 132 വർഷത്തെ ക്രിക്കറ്റ് ചരിത്രത്തിലെ ഒരേയൊരു താരമാണ് ഡേവിഡ് വാർണർ.

ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച വാർണർ, അരങ്ങേറ്റ ടി20 മത്സരത്തിൽ 43 പന്തിൽ 89 റൺസ് എടുത്ത് ഓസ്ട്രേലിയൻ ക്രിക്കറ്റ് ആരാധകരുടെ കയ്യടി നേടി. അന്ന്, ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ അർദ്ധ സെഞ്ചുറിയും, ടി20 ഫോർമാറ്റിൽ ഒരു അരങ്ങേറ്റക്കാരൻ നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ ആയും വാർണറുടെ ഈ പ്രകടനം കണക്കാക്കി. 2009-10 ഐപിഎൽ സീസണിൽ ഡൽഹി ഡെയർഡെവിൾസ്‌ വാർണറെ സ്വന്തമാക്കി. അതോടെ, വൈറ്റ് ബോൾ ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റർ ആയി ഡേവിഡ് വാർണർ ക്രിക്കറ്റ് ലോകത്ത് അറിയപ്പെടാൻ ആരംഭിച്ചു.

ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ അരങ്ങേറ്റം കുറിച്ചതിന് രണ്ട് വർഷത്തിന് ശേഷമാണ് വാർണർ ഓസ്ട്രേലിയക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ ദിവസം ഫോക്സ് ക്രിക്കറ്റിനോട് സംസാരിക്കവെ വാർണർ, താൻ ടെസ്റ്റ് ഫോർമാറ്റിലേക്ക് എത്താൻ വഴിവെച്ചത് മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ് നൽകിയ ഒരു ഉപദേശമാണ് എന്ന് തുറന്നു പറഞ്ഞു. ഡൽഹി ഡെയർഡെവിൾസിനായി സേവാഗും വാർണറും ഒരുമിച്ച് കളിച്ചിട്ടുണ്ട്. അന്നേരം സെവാഗ് നൽകിയ ഉപദേശമാണ് വാർണർ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

“‘നിങ്ങൾ ടെസ്റ്റ്‌ കളിക്കണം’ സെവാഗ് എന്നോട് പറഞ്ഞു. അന്നേരം ഞാൻ അദ്ദേഹത്തോട് തിരിച്ച് പറഞ്ഞു ‘ഞാൻ ഒരു ഫസ്റ്റ് ക്ലാസ് മത്സരം പോലും കളിച്ചിട്ടില്ല’ അപ്പോൾ സെവാഗ് എന്നോട് പറഞ്ഞത് ‘ഇപ്പോൾ നിങ്ങൾക്ക് ചുറ്റും ഫീൽഡർമാർ ഉണ്ട്. അവരെ മറികടന്ന് റൺസ് കണ്ടെത്താൻ നിങ്ങൾ ശ്രമിക്കുന്നു. എന്നാൽ, ടെസ്റ്റിൽ നിങ്ങൾ റൺസ് കണ്ടെത്താൻ ഇതിലും കൂടുതൽ അവസരം ഉണ്ട്. നല്ല ബോളുകളെ ബഹുമാനിക്കാൻ പഠിക്കുന്നതുപോലെ, മോശം ബോളുകളെ ശിക്ഷിക്കുകയും വേണം’,” ഡേവിഡ് വാർണർ പറഞ്ഞു.