അർദ്ധ സെഞ്ച്വറി!! റെക്കോർഡ്!!മാസ്സ് പ്രതികാരവുമായി ഡേവിഡ് വാർണർ

മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ 2022-ലെ 50-ാം മത്സരത്തിൽ, സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 208 റൺസ് വിജയലക്ഷ്യമുയർത്തി ഡൽഹി ക്യാപിറ്റൽസ്‌. മത്സരത്തിൽ, ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന്, ഓപ്പണർ ഡേവിഡ് വാർണർ (92), വിൻഡീസ് പവർ ഹിറ്റർ റോവ്മാൻ പവൽ (67) എന്നിവരുടെ പ്രകടനമാണ് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

തന്റെ മുൻ ടീമിനെതിരെ ഡേവിഡ് വാർണർ പുറത്തെടുത്ത തകർപ്പൻ ബാറ്റിംഗ് പ്രകടനം ശ്രദ്ധേയമായി. തുടക്കത്തിൽ തന്നെ ഡൽഹിക്ക് വിക്കറ്റുകൾ നഷ്ടമായെങ്കിലും ഒരു തലക്കൽ പിടിച്ചു നിന്ന വാർണർ, 58 പന്തിൽ 12 ഫോറും 3 സിക്സും സഹിതം 158.62 സ്ട്രൈക്ക് റേറ്റിൽ 92 റൺസ് നേടി പുറത്താകാതെ നിന്നു. വാർണറും പവലും ചേർന്ന് 4-ാം വിക്കറ്റിൽ 122 റൺസാണ് ഡൽഹി സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തത്.

മത്സരത്തിൽ 3 സിക്സുകൾ പറത്തിയ ഡേവിഡ് വാർണർ, ടി20 ക്രിക്കറ്റിൽ 400 സിക്സുകൾ നേടുന്ന ബാറ്റർമാരുടെ എലൈറ്റ് പട്ടികയിൽ ഇടം നേടി. ലോക ക്രിക്കറ്റിൽ ടി20 ഫോർമാറ്റിൽ 400 സിക്സുകൾ എന്ന നാഴികകല്ല് പിന്നിടുന്ന പത്താമത്തെ ബാറ്ററാണ് ഡേവിഡ് വാർണർ. ഷെയ്ൻ വാട്സണും ആരോൺ ഫിഞ്ചിനും ശേഷം 400 സിക്സുകൾ പിന്നിടുന്ന മൂന്നാമത്തെ ബാറ്റർ കൂടിയാണ് വാർണർ.

461 മത്സരങ്ങളിൽ നിന്ന് 1056 സിക്സുകൾ നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റർ ക്രിസ് ഗെയ്ൽ ആണ് പട്ടികയിൽ ഒന്നാമൻ. തുടർന്നുള്ള സ്ഥാനങ്ങളിൽ കിറോൺ പൊള്ളാർഡ് (764), അന്ദ്രേ റസ്സൽ (517), ബ്രണ്ടൻ മക്കല്ലം (485), ഷെയ്ൻ വാട്സൺ (467), എബി ഡിവില്ല്യേഴ്സ്‌ (436), ആരോൺ ഫിഞ്ച് (424), രോഹിത് ശർമ്മ (418), കോളിൻ മൺറൊ (417) എന്നിവരാണ് ഇടം നേടിയിരിക്കുന്നത്.