അമ്പട ബോളെ നീ എന്റെ തലക്ക് മുകളിലൂടെ അങ്ങനെ പോകേണ്ട ; ക്രിക്കറ്റ്‌ ലോകത്തെ അമ്പരപ്പിക്കുന്ന വാർണറുടെ ഫീൽഡിംഗ് പ്രകടനം

ഓസ്ട്രേലിയ – ശ്രീലങ്ക ടി20 ലോകകപ്പ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടി. മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കക്ക്, ഓപ്പണർ കുശാൽ മെൻഡിസിനെ (5) നേരത്തെ തന്നെ നഷ്ടമായെങ്കിലും, മറ്റൊരു ഓപ്പണർ ആയ പതും നിസ്സങ്ക (40) ക്രീസിൽ പിടിച്ചു നിന്നു. നിസ്സങ്ക തന്നെയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ.

മത്സരത്തിലുടനീളം ശ്രീലങ്കൻ ബാറ്റർമാർ കൂറ്റൻ അടികൾക്ക് ശ്രമിച്ചിരുന്നെങ്കിലും, ഓസ്ട്രേലിയയുടെ ഫീൽഡിങ് പ്രകടനം പ്രശംസനീയാർഹമാണ്. മാർക്കസ്‌ സ്റ്റോനിസ് എറിഞ്ഞ ഇന്നിംഗ്സിന്റെ 11-ാം ഓവറിൽ ഡേവിഡ് വാർണർ നടത്തിയ ഫീൽഡിങ് പ്രകടനം കാണികളെ അമ്പരപ്പിച്ചു. സ്റ്റോനിസ് എറിഞ്ഞ ഓവറിലെ നാലാം ബോൾ ധനഞ്ജയ മിഡ്‌ ഓഫിലേക്ക് ഉയർത്തി അടിക്കുകയായിരുന്നു.

ധനഞ്ജയയുടെ ഷോട്ട് എല്ലാവരും ബൗണ്ടറി ആണെന്ന് ഉറപ്പിച്ചെങ്കിലും, ഡേവിഡ് വാർണറുടെ ഗംഭീര ഫീൽഡിംഗ് പ്രകടനം ഓസ്ട്രേലിയക്ക് വേണ്ടി നാല് റൺസ് സേവ് ചെയ്തു. തന്റെ തലക്ക് മുകളിലൂടെ ഉയർന്ന പന്തിനെ പിന്തുടർന്ന വാർണർ, ബോളിൽ ശ്രദ്ധ പുലർത്തി പുറകോട്ട് ഓടുകയും, ബൗണ്ടറി ലൈനിൽ ബോൾ ടച്ച് ചെയ്യുന്നതിന് മുന്നേ ബോൾ പിടിച്ചെടുത്ത് തിരികെ മൈതാനത്തേക്ക് എറിയുകയുമായിരുന്നു. തുടർന്ന് മുന്നോട്ട് ഒരു ഫുൾ ഡൈവിലൂടെ വാർണർ ബൗണ്ടറി ലൈനിന് അപ്പുറത്തേക്ക് ചാടി.

വാർണറുടെ ഫീൽഡിങ് പ്രകടനം പെർത്ത് സ്റ്റേഡിയത്തിലെ കാണികളുടെ കയ്യടിക്ക് അർഹമാക്കി. ഓസ്ട്രേലിയൻ താരങ്ങളും വാർണറെ അഭിനന്ദിച്ചു. പിന്നീട്, ഇന്നിംഗ്സിന്റെ 12-ാം ഓവറിൽ ആഷ്ടൺ അഗറിന്റെ ബോളിൽ ധനഞ്ജയ ഡി സിൽവയെ (26) വാർണർ തന്നെ ക്യാച്ച് എടുത്ത് പുറത്താക്കിയത് ശ്രദ്ധേയമായി. എന്നാൽ, ബാറ്റിങ്ങിന് ഇറങ്ങിയ വാർണർക്ക് 10 ബോളിൽ 11 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.