ശ്രീലങ്കൻ ക്യാപ്റ്റനെ പാറിപിടിച്ച് ഡേവിഡ് വാർണർ ; അമ്പരന്ന് ഞെട്ടിതരിച്ച് ക്രിക്കറ്റ്‌ ലോകം

ശ്രീലങ്ക – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമായി. ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോൾ, ശ്രീലങ്ക വലിയ ബാറ്റിംഗ് തകർച്ചയാണ് നേരിട്ടത്. ഓസ്ട്രേലിയൻ സ്പിന്നർമാർ മത്സരത്തിൽ പിടിമുറുക്കിയതോടെ, ശ്രീലങ്കൻ ബാറ്റർമാർ ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു. ശ്രീലങ്കൻ നിരയിൽ ഡിക്ക്വല്ല (58) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

ഓസ്ട്രേലിയക്ക് വേണ്ടി നഥാൻ ലിയോൺ 5-ഉം മിച്ചൽ സ്വീപ്സൺ 3-ഉം വിക്കറ്റുകൾ വീഴ്ത്തിയതോടെ ശ്രീലങ്ക 212 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ഇതിൽ, ശ്രീലങ്കൻ ക്യാപ്റ്റൻ കരുണരത്നയുടെ ക്യാച്ച് എടുക്കാൻ ഡേവിഡ് വാർണർ നടത്തിയ ശ്രമം ശ്രദ്ധേയമായി. ലിയോണിന്റെ ബോൾ ഡിഫെൻഡ് ചെയ്യാൻ ശ്രമിച്ച കരുണരത്നക്ക് പിഴച്ചതോടെ പന്ത് അദ്ദേഹത്തിൽ പാഡിൽ തട്ടുകയായിരുന്നു. ഉടനെ ഓസ്ട്രേലിയൻ താരങ്ങൾ എൽബിഡബ്ല്യു അപ്പീൽ ചെയ്തു.

എന്നാൽ, കരുണരത്നയുടെ പാഡിൽ തട്ടിയ ബോൾ പിന്നീട് അദ്ദേഹത്തിന്റെ ബാറ്റിൽ തട്ടി ഉയർന്നു പൊന്തുകയായിരുന്നു. ഇത്‌ ഒരു മനോഹര ഫുൾ ഡൈവിലൂടെ വാർണർ കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു. റിപ്ലൈ ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമായതോടെ, ഓൺ-ഫീൽഡ് അമ്പയർ ക്യാച്ച് അംഗീകരിച്ച് വിക്കറ്റ് നൽകി. ഇതോടെ, 84 പന്തിൽ 3 ഫോർ ഉൾപ്പടെ 28 റൺസ് നേടിയ കരുണരത്ന ഡഗ്ഔട്ടിലേക്ക് നടന്നു നീങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയും ബാറ്റിംഗ് തകർച്ചയാണ് നേരിടുന്നത്. ഓപ്പണർ ഉസ്മാൻ ഖവാജ (47*) ക്രീസിൽ തുടരുന്നുണ്ടെങ്കിലും ഡേവിഡ് വാർണർ (25), മാർനസ് ലബുഷാഗ്നെ (13), സ്റ്റീവ് സ്മിത്ത് (6) എന്നിവരെ ഓസ്ട്രേലിയക്ക് നഷ്ടമായി.