പാകിസ്ഥാൻ ക്യാപ്റ്റൻ തനിക്ക് കോഴ വാഗ്ദാനം ചെയ്തു ; ക്രിക്കറ്റ്‌ ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ

ലോക ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് മുൻ ഓസ്‌ട്രേലിയൻ താരം ഷെയ്ൻ വോൺ. തന്റെ കരിയറിൽ 708 വിക്കറ്റുകൾ നേടിയ ലെഗ് സ്പിന്നർ, ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ താരമാണ്. എന്നിരുന്നാലും, ഉത്തേജകമരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ 2003 ക്രിക്കറ്റ് ലോകകപ്പിന് തൊട്ടുമുമ്പ് ഒരു വർഷത്തെ വിലക്ക്‌ നേരിടേണ്ടി വന്ന ഷെയ്ൻ വോൺ, പല വിവാദങ്ങളിലും ഏർപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ, മുൻ പാകിസ്ഥാൻ നായകനിൽ തനിക്ക് നേരിടേണ്ടി വന്ന കോഴ വാഗ്ദാനത്തെ കുറിച്ച് വെളിപ്പെടുത്തി, ക്രിക്കറ്റ്‌ ലോകത്ത് മറ്റൊരു ചർച്ചക്ക്‌ വഴിവെച്ചിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ സ്പിന്നർ. 1994ൽ കറാച്ചിയിൽ നടന്ന ഓസ്ട്രേലിയ പാകിസ്ഥാൻ ടെസ്റ്റ് മത്സരത്തിനിടയിലാണ് വിവാദ സംഭവം അരങ്ങേറിയത്. പാക്കിസ്ഥാനെതിരായ മത്സരത്തിൽ മോശം പ്രകടനം നടത്താൻ, മുൻ പാകിസ്ഥാൻ നായകൻ സലീം മാലിക് തനിക്ക് 276,000 ഡോളർ കൈക്കൂലി വാഗ്ദാനം ചെയ്തതായിയാണ് വോൺ അവകാശപ്പെട്ടത്.

ആമസോൺ പ്രൈമിൽ റിലീസിനൊരുങ്ങുന്ന ‘ഷെയ്ൻ’ എന്ന ഡോക്യുമെന്ററിയിലാണ് ഷെയ്ൻ വോൺ ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. “1994-ലെ കറാച്ചി ടെസ്റ്റിന്റെ നാലാം ദിനം, രാവിലെ സലീം മാലിക് എന്റെ മുറിയിൽ വന്നു. ഞങ്ങൾ നല്ല രീതിയിൽ സംഭാഷണം നടത്തി. ഒടുവിൽ അവൻ പോകാൻ ഒരുങ്ങുമ്പോൾ ഇങ്ങനെ പറഞ്ഞു, ‘ഞങ്ങൾക്ക് തോൽക്കാൻ കഴിയില്ല. പാക്കിസ്ഥാനിൽ ഞങ്ങൾ തോറ്റാൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാവില്ല. ഞങ്ങളുടെ വീടുകൾ കത്തിനശിക്കും,’ ഇതിഹാസ ലെഗ് സ്പിന്നർ പറഞ്ഞു.

ഒത്തുകളി തനിക്ക് അന്യമായ ഒരു സങ്കൽപ്പമായിരുന്നുവെന്നും അതിനാൽ മാലിക്കിന്റെ ഓഫർ തന്നെ സ്തംഭിപ്പിച്ചുവെന്നും വോൺ വെളിപ്പെടുത്തി. “സലീം മാലിക്കിന്റെ വാക്കുകൾക്ക്‌ എന്ത് മറുപടി കൊടുക്കണം എനിക്കറിയില്ലായിരുന്നു. ഞാനങ്ങനെ സ്തബ്ധനായി അവിടെ ഇരുന്നു. എനിക്ക്‌ ദേഷ്യം അടക്കാനായില്ല, ഞങ്ങൾ നിങ്ങളെ തോൽപ്പിക്കാൻ പോകുന്നു എന്ന് മാലിക്കിന്റെ മുഖത്ത് നോക്കി ഞാൻ പറഞ്ഞു,” ഷെയ്ൻ വോൺ വെളിപ്പെടുത്തി.