Sachin | Shane Warne |ചെന്നൈയിൽ ഏറ്റുമുട്ടിയ സച്ചിനും വോണും :നൂറ്റാണ്ടിന്റെ ഈ മത്സരം കാണാം | Shane Warne Passed Away

എഴുത്ത് :നന്ദകുമാർ പിള്ള;1990 കളിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡും ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡും തമ്മിൽ എന്തോ സൗന്ദര്യപ്പിണക്കം സംഭവിച്ചിട്ടുണ്ടാകാം. അതുകൊണ്ടായിരിക്കാം 1986/87 നു ശേഷം ഓസ്‌ട്രേലിയൻ ടീം ടെസ്റ്റ് കളിക്കാനായി ഇന്ത്യയിലേക്ക് വന്നത് 1996 ലാണ്. അതും ഒരേയൊരു ടെസ്റ്റ്. 1998 ലാണ് ഒരു കമ്പ്ലീറ്റ് ടെസ്റ്റ് അവർ ഇന്ത്യയിൽ കളിച്ചത്. അതുപോലെ തന്നെ, 1991/92 ൽ അഞ്ചു ടെസ്റ്റ് പരമ്പര കളിച്ച ശേഷം ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പോയത് 1999/00 ലാണ്

ഈ കാലയളവിൽ സച്ചിൻ ടെണ്ടുൽക്കർ ലോകോത്തര ബാറ്റ്‌സ്മാൻമാരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടു. ഒപ്പം ഷെയിൻ വോൺ ലോകമെമ്പാടുമുള്ള ബാറ്റ്‌സ്മാൻമാരുടെ ഉറക്കം കെടുത്തുന്ന ബൗളർ ആയി മാറുകയും ചെയ്തു. പക്ഷെ ഈ രണ്ടു പ്രതിഭകളുടെ ടെസ്റ്റിലെ ഏറ്റുമുട്ടൽ കാണാൻ ക്രിക്കറ്റ് ലോകത്തിനു 1997/98 വരെ കാത്തിരിക്കേണ്ടി വന്നു. (1991 ൽ വോണിന്റെ അരങ്ങേറ്റ ടെസ്റ്റിൽ സിഡ്‌നിയിൽ സച്ചിനും കളിച്ചിരുന്നു)1998 മാർച്ച് 6 മുതൽ 10 വരെ ചെന്നൈയിലായിരുന്നു കാത്തിരിപ്പിനു അവസാനം കുറിച്ച ആ മത്സരം. സീരീസിന് മുൻപ് തന്നെ ഇത് സച്ചിൻ – വോൺ ഏറ്റുമുട്ടൽ സീരീസായി വാഴ്ത്തപ്പെട്ടു. മീഡിയ അത്രത്തോളം പ്രാധാന്യം കൊടുത്ത ഒരു സീരീസ് അതിനു മുൻപ് ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ക്രിക്കറ്റ് പ്രേമികൾ അക്ഷമയോടെ ആ ദിവസത്തിനായി കാത്തിരുന്നു.

അങ്ങനെ ആ ദിവസം വന്നെത്തി. ടോസ് ജയിച്ച ഇന്ത്യൻ ക്യാപ്റ്റൻ അസറുദ്ദിൻ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഓപ്പണർമാർ മോംഗിയയും സിധുവും, വൺ ഡൌൺ ദ്രാവിഡും അർദ്ധ സെഞ്ചുറികൾ നേടി മികച്ച തുടക്കം നൽകി. ഇന്ത്യ വൻ സ്കോറിലേക്ക് എന്ന പ്രതീതി. സ്കോർ 126 ൽ രണ്ടാം വിക്കറ്റ് ആയി സിധു പുറത്തായപ്പോഴാണ് സച്ചിൻ ക്രീസിലേക്ക് വന്നത്. അദ്ദേഹം ബൗണ്ടറിയോടെ തുടങ്ങി. പക്ഷെ ആദ്യം ചിരിക്കാനുള്ള യോഗം വോണിനായിരുന്നു. വോണിന്റെ പന്ത് ഫ്രണ്ട് ഫുട് ഡ്രൈവിന് ശ്രമിച്ച സച്ചിന് പിഴച്ചു. ടേൺ ചെയ്ത പന്ത് സച്ചിന്റെ ബാറ്റിൽ ഉരസി, സ്ലിപ്പിൽ മാർക്ക് ടെയ്‌ലറുടെ കയ്യിൽ. 5 പന്തിൽ 4 റൺസ് മാത്രമായിരുന്നു സച്ചിന്റെ സമ്പാദ്യം. സ്റ്റേഡിയം നിശബ്ദമായി. ടീവിയിൽ മത്സരം വീക്ഷിച്ചിരുന്ന ലക്ഷങ്ങൾ നിരാശരായി. പിന്നീട് വോണിന്റെയും സഹ സ്പിന്നർ ഗവിൻ റോബർട്സന്റെയും കടന്നാക്രമണത്തിൽ പിടിച്ചു നില്കാനാകാതെ ആദ്യ ഇന്നിംഗിൽ 257 നു ഇന്ത്യ ഓൾ ഔട്ട് . വോണും റോബർട്സനും 4 വിക്കറ്റുകൾ വീതം വീഴ്ത്തി.

ഓസ്‌ട്രേലിയയുടെ തുടക്കവും മികച്ചതായിരുന്നില്ല. 8 നു 201 എന്ന നിലയിലേക്ക് പതിച്ച ഓസിസിനു വേണ്ടി ഒൻപതാം വിക്കറ്റിൽ ഹീലി – റോബർട്സൺ സഖ്യം 97 റൺസ് കൂട്ടിച്ചേർത്തു. മാർക്ക് വോയും ഹീലിയും റോബർട്സനും അർദ്ധ സെഞ്ചുറികൾ നേടിയപ്പോൾ ഒന്നാമിന്നിങ്സിൽ ഓസ്‌ട്രേലിയൻ സ്കോർ 328 റൺസ്. കുംബ്ലെ നാലു വിക്കറ്റ് എടുത്തു.രണ്ടാം ഇന്നിങ്സിൽ 71 റൺസ് കടവുമായി ഇറങ്ങിയ ഇന്ത്യക്ക് വീണ്ടും ഓപ്പണർമാർ മോശമല്ലാത്ത തുടക്കം നൽകി. 115 റൺസിൽ രണ്ടാം വിക്കറ്റ് നഷ്ടപ്പെട്ട ശേഷമാണ് സച്ചിൻ ക്രീസിലെത്തിയത്.

ഇപ്രാവശ്യം തീരുമാനിച്ച് ഉറപ്പിച്ചായിരുന്നു സച്ചിന്റെ വരവ്. അത്യധികം അക്രമണോല്സുക ബാറ്റിംഗ് ആണ് സച്ചിൻ അവിടെ കാഴ്ചവെച്ചത്. ആദ്യത്തെ കുറച്ച് പന്തുകൾ സൂക്ഷിച്ചു കളിച്ച ശേഷം, വോണിന്റെ പന്തിൽ പോയിന്റിലൂടെ തന്റെ ആദ്യ ബൗണ്ടറി നേടി. അടുത്തത് വോണിന്റെ ഷോട്ട് ബോൾ. അത് കവറിലൂടെ ബൗണ്ടറിയിലേക്ക് പാഞ്ഞു. എല്ലാ ബൗളേഴ്‌സിനെയും ഒരേപോലെ ശിക്ഷിച്ച സച്ചിൻ 64 പന്തിൽ അര്ധസെഞ്ചുറിയും 127 പന്തിൽ സെഞ്ചുറിയും നേടി. അവസാനം 191 പന്തിൽ 155 റൺസ് എടുത്തു നിൽക്കേ, ഇന്ത്യൻ സ്കോർ 418/ 4 എന്ന നിലയിൽ ക്യാപ്റ്റൻ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു

വളരെ മനോഹരമായ ഒരു ഇന്നിംഗ്സ് ആയിരുന്നു സച്ചിന്റേത്. ഏതൊരു ഇന്ത്യൻ ക്രിക്കറ്റ് പ്രേമിയുടെയും മനസ് നിറച്ച ഇന്നിംഗ്സ്. വോണിന്റെ മേൽ വ്യക്തമായ മേധാവിത്തം കുറിച്ച ഇന്നിംഗ്സ്. അതിൽ, ഏറ്റവും കൗതുകകരമായി തോന്നിയത് സച്ചിന്റെ സ്റ്റാൻഡ് ആയിരുന്നു. ലെഗ് സ്റ്റമ്പിന് പുറത്തു പന്ത് പിച്ച് ചെയ്യിച്ച ശേഷം ടേൺ ചെയ്ത് വോൺ, മറ്റു രാജ്യങ്ങൾക്കെതിരെ കുറെ വിക്കറ്റുകൾ നേടിയിരുന്നു. അത് വോണിന്റെ മാജിക്കൽ ബോൾ ആയിട്ടാണ് അറിയപ്പെട്ടിരുന്നത്. അത് മനസിലാക്കി, ലെഗ് സ്റ്റമ്പിന് പുറത്ത് ഗാർഡ് എടുത്താണ് സച്ചിൻ വോണിന്റെ പന്തുകളെ നേരിട്ടത്. ശരിക്കും അത് വോണിനെ നിരായുധനാക്കി എന്നതാണ് സത്യം. അതോടെ ഓഫ്-മിഡിൽ സ്റ്റമ്പിൽ പന്തെറിയാൻ വോൺ നിർബന്ധിതനായി. ആ പന്തുകൾ ബൗണ്ടറിയിൽ എത്തിക്കുന്നതിൽ മാസ്റ്റർ ബ്ലാസ്റ്റർ വിജയിക്കുകയും ചെയ്തു എന്നിടത്താണ് ഇന്ത്യക്ക് ആ സീരീസിൽ ഇന്ത്യക്ക് ഓസ്‌ട്രേലിയക്ക് മേൽ വിജയം നേടാനായത്.348 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയക്ക് നാലാം ദിനം കളിച്ച 15 ഓവറിൽ തന്നെ 3 വിക്കറ്റ് നഷ്ടപ്പെട്ടു. 31 / 3 എന്ന നിലയിൽ കളി അവസാനിപ്പിച്ച ഓസീസ് പിറ്റേ ദിവസം 168 നു ഓൾ ഔട്ട് ആയി. കുംബ്ലെ നാലും രാജു മൂന്നും രാജേഷ് ചൗഹാൻ രണ്ടും ശ്രീനാഥ് ഒരു വിക്കറ്റും എടുത്തു. ഇന്ത്യക്ക് 179 റൺസ് വിജയം.ഓർമയിൽ ഒരിക്കലും മായാത്ത ഒരു മത്സരവും ഒരു ഇന്നിങ്‌സുമായിരുന്നു അത്. അടുത്ത ടെസ്റ്റ് കൽക്കത്തയിലും ഇന്ത്യ വിജയിച്ചു. പക്ഷെ ബാംഗളൂരിൽ നടന്ന അവസാന ടെസ്റ്റ് വിജയിച്ച് ഓസ്ട്രേലിയ മുഖം രക്ഷിച്ചു.