പാക് മണ്ണിൽ പഞ്ചാബി ഡാൻസ് 😱😱വീണ്ടും ഹൃദയം കീഴടക്കി ഡേവിഡ് വാർണർ (കാണാം വീഡിയോ )

ഓസ്‌ട്രേലിയയുടെ ഇടംകൈയ്യൻ ഓപ്പണർ ഡേവിഡ് വാർണർ റീലുകൾ നിർമ്മിക്കുന്ന കാര്യത്തിൽ സോഷ്യൽ മീഡിയയിൽ സജീവമാണ്, കൂടാതെ ഇന്ത്യ, പാകിസ്ഥാൻ ഉൾപ്പടെയുള്ള ഉപഭൂഖണ്ഡ രാജ്യങ്ങളോടുള്ള വാർണറുടെ സ്നേഹവും അദ്ദേഹത്തിന്റെ മുൻകാല പ്രവർത്തികളിൽ നിന്ന് വ്യക്തമാണ്. നിലവിൽ മൂന്ന് മത്സരങ്ങളടങ്ങിയ ഓസ്ട്രേലിയ – പാകിസ്ഥാൻ ടെസ്റ്റ്‌ പരമ്പരയുടെ ഭാഗമായി പാകിസ്ഥാനിലാണ് വാർണർ.

റാവൽപിണ്ടിയിൽ ഇന്ന് അവസാനിച്ച പരമ്പരയിലെ ആദ്യ ടെസ്റ്റിൽ പാകിസ്ഥാനും ഓസ്ട്രേലിയയും സമനിലയിൽ പിരിഞ്ഞു. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സിൽ 12 ബൗണ്ടറികളുടെ സഹായത്തോടെ വാർണർ 114 പന്തിൽ 68 റൺസ് നേടി. എന്നാൽ, മത്സരത്തിന്റെ 5-ാം ദിനം റാവൽപിണ്ടി കാണികൾക്ക്‌ മുന്നിൽ മൈതാനത്ത് നൃത്തച്ചുവടുകൾ വെച്ച വാർണർ കാണികളുടെ ഹൃദയം കവർന്നു.

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) വാർണറുടെ നൃത്തച്ചുവടുകൾ ട്വിറ്ററിൽ പങ്കിട്ടതോടെ, വീഡിയോ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി. “ജനക്കൂട്ടവും ക്യാമറയും വാർണറെ സ്നേഹിക്കുന്നു,” എന്ന അടിക്കുറിപ്പോടെയാണ് പിസിബി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ, പുഷ്പ സിനിമയിലെ ശ്രീവല്ലി ഗാനത്തിൽ നിന്നുള്ള അല്ലു അർജുന്റെ ഹുക്ക് സ്റ്റെപ്പ് വാർണർ പുനഃസൃഷ്ടിച്ചിരുന്നു, ഇതിലൂടെ ഇന്ത്യൻ ആരാധകരുടെ ഇഷ്ടം വാർണർ സമ്പാദിച്ചിരുന്നു.

റാവൽപിണ്ടി ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ആദ്യ ഇന്നിംഗ്സിൽ 476/4 എന്ന സ്കോറിൽ ഡിക്ലയർ ചെയ്തിരുന്നു. തുടർന്ന് ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ, ആദ്യ ഇന്നിംഗ്സിൽ 459 റൺസിന് ഓൾഔട്ട്‌ ആവുകയായിരുന്നു. ഇതോടെ 17 റൺസ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാൻ വിക്കറ്റ് നഷ്ടമില്ലാതെ അഞ്ചാം ദിനം പൂർത്തിയാകുമ്പോൾ 252/0 റൺസ് കണ്ടെത്തി. ഇതോടെ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു.